പ്രതിസന്ധികൾക്കു മീതേ പ്രതീക്ഷയോടെ കടലിലേക്ക്
ആലപ്പുഴ: ട്രോളിംഗ് നിരോധനം അർദ്ധരാത്രി അവസാനിച്ചതോടെ, ഇത്രനാളും മനസിൽ കൊണ്ടുനടന്ന പ്രതീക്ഷകളെ വലയിട്ടു പിടിക്കാൻ മത്സ്യത്തൊഴിലാളികൾ കടലമ്മയുടെ മടിത്തട്ടിലേക്കിറങ്ങി. 52 ദിവസം നീണ്ടുനിന്ന മത്സ്യബന്ധന നിരോധനകാലം കടന്നുകിട്ടിയതിന്റെ ആശ്വാസത്തിലാണ് തീരമേഖലയെങ്കിലും മത്സ്യലഭ്യതയിലെ കുറവും കടലിൽ പോകുന്നതിനുള്ള ഭാരിച്ച ചെലവും നിരാശയുടെ തിരയിളക്കവും സൃഷ്ടിക്കുന്നുണ്ട്.
ചാകരയിലാണ് മുഴുവൻ പ്രതീക്ഷകളും. മുൻ കാലങ്ങളിൽ മേടത്തിലാണ് ചാകര പ്രത്യക്ഷപ്പെട്ടിരുന്നത്. അയല, മത്തി, വേളൂരി, ചെമ്മീൻ, കണവ തുടങ്ങിയവ സുലഭമായി ലഭിക്കുമായിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ചാകരയുടെ 'ടൈംടേബിൾ' താളം തെറ്റിയെന്ന് തൊഴിലാളികൾ പറയുന്നു. ജില്ലയിൽ 1500ൽ അധികം മത്സ്യബന്ധന വള്ളങ്ങളുണ്ട്. ഡിങ്കി, താങ്ങുവല, പൊന്ത് വള്ളങ്ങളാണ് കൂടുതലും. 3 മുതൽ 45 തൊഴിലാളികൾ വരെ കയറുന്നവയാണ് വള്ളങ്ങൾ. പൊന്ത് വള്ളങ്ങളിൽ പിടിക്കുന്ന മത്സ്യങ്ങൾ തൊഴിലാളികൾ തന്നെ ദേശീയപാതയോരത്ത് എത്തിച്ച് വില്പന നടത്തും. വരും ദിവസങ്ങളിൽ കടൽ ഇളകി ചാകര ഉറയ്ക്കുമെന്നും മത്തിയും അയലയും ചെമ്മീനുമടക്കമുള്ള ചാകര പ്രത്യക്ഷപ്പെടുമെന്നും മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നു. നിരോധനത്തെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ കൂടുതലായും കായംകുളം തുറമുഖത്തും കായംകുളം കായലിലുമാണ് നങ്കൂരമിട്ടിരിക്കുന്നത്.
ട്രോളിംഗ് നിരോധനത്തിന് മുമ്പ് കടലിലെ മത്സ്യലഭ്യത പരിമിതമായിരുന്നു. യന്ത്രവത്കൃത ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികൾ നിരാശയോടെയാണ് പല ദിവസങ്ങളിലും തിരിച്ചെത്തിയിരുന്നത്. ഇന്ധനവില വർദ്ധനവും മേഖലയിലെ തൊഴിലാളികളെ തളർത്തി. നാല് മുതൽ ഏഴ് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം, ഐസ് ഉൾപ്പെടെയാണ് ബോട്ടുകൾ കടലിൽ പോകുന്നതെങ്കിലും പ്രതീക്ഷിക്കുന്ന മത്സ്യം കിട്ടാറില്ല. ഒന്നു മുതൽ മൂന്ന് ലക്ഷം രൂപവരെ ഒരു തവണ കടലിൽ പോകുന്നതിന് ചെലവാകും.
# ഡീസൽ പൊള്ളുന്നു
ഡീസൽ വില വർദ്ധന വലിയ ഇരുട്ടടിയാണ്. ചെലവ് കാശിനുള്ള മീൻ പോലും ലഭിക്കുമോ എന്ന ആശങ്കയിലാണ് പലരും. സാധാരണ വള്ളത്തിന് 5000 രൂപയുടെ ഡീസൽ ചെലവുണ്ട്. മത്സ്യം ലഭിച്ചാലും ഇല്ലെങ്കിലും തൊഴിലാളികൾക്ക് വള്ളങ്ങളിൽ കുറഞ്ഞത് 300 രൂപയും ബോട്ടുതൊഴിലാളികൾക്ക് 500 രൂപയും ബാറ്റയായി നൽകണം. മണ്ണെണ്ണ വില നൂറ് കടന്നത് പരമ്പരാഗത വള്ളങ്ങളെയും പ്രതിസന്ധിയിലാക്കി.
...................................
# കരയിലും പ്രതിസന്ധി
1. വലിയ വള്ളങ്ങളും ബോട്ടുകളും നങ്കൂരമിടാൻ കഴിയുന്ന തുറമുഖങ്ങളില്ല
2. തോട്ടപ്പള്ളി തുറമുഖത്ത് വള്ളങ്ങൾ അടുപ്പിക്കാനാവാത്ത അവസ്ഥ
3. അർത്തുങ്കൽ ഹാർബറിന്റെ നിർമ്മാണം ഇഴയുന്നു
4. കായംകുളം തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിടാനാവില്ല
..............................
ഡീസൽ വിലയിൽ ഒന്നരമാസത്തിനിടെ ലിറ്ററിന് 20 രൂപ വർദ്ധിച്ചു. നാലു ദിവസത്തേക്ക് 2500 ലിറ്റർ ഡീസൽ ചെലവഴിക്കുന്ന ഒരു ബോട്ട് ഉടമയ്ക്ക് 50,000 രൂപയുടെ അധികച്ചെലവുണ്ട്. ഇന്ധനവില വർദ്ധനവിന് ആനുപാതികമായി സബ്‌സിഡി നൽകിയില്ലെങ്കിൽ ബോട്ടുകൾക്ക് പഴയ രീതിയിൽ കടലിൽ പോകാനാവില്ല
ഉണ്ണിക്കുട്ടൻ, ബോട്ട് ഉടമ, ആലപ്പുഴ