76-ാമത്തെ പൊട്ടൽ പരിഹരിക്കാൻ പരിശ്രമം
അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ തകഴി ഭാഗത്തുണ്ടായ 76-ാമത്തെ പൊട്ടൽ പരിഹരിക്കാൻ ശ്രമം തുടങ്ങി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി ഫെഡറൽ ബാങ്കിനു സമീപമാണ് ഏറ്റവുമൊടുവിൽ പൊട്ടലുണ്ടായത്.
ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ച് കുഴി എടുത്താണ് അറ്റകുറ്റപ്പണി നടത്തുന്നത്. കടപ്ര ആറ്റിൽ നിന്നു കരുമാടിയിലെ ജല ശുദ്ധീകരണ പ്ലാൻ്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. അറ്റകുറ്റപ്പണിക്കായി പമ്പിംഗ് നിറുത്തിവച്ചു. രണ്ടു ദിവസം ആലപ്പുഴ നഗരത്തിലും സമീപത്തെ 8 പഞ്ചായത്തുകളിലും ഇതുമൂലം കുടിവെള്ള വിതരണം മുടങ്ങും. കേളമംഗലം മുതൽ തകഴി റെയിൽവെ ക്രോസ് വരെയുള്ള ഒന്നര കി.മീറ്ററിൽ നിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതാണ് തുടർച്ചയായി പൊട്ടാൻ കാരണമെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ ഭാഗത്തെ പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ ആരംഭിച്ചെങ്കിലും കേളമംഗലം മുതൽ തകഴി വലിയ പാലം വരെ മാത്രമെ പൂർത്തിയായുളളൂ. മഴക്കാലമായതോടെ പണി തടസപ്പെട്ടു. ബാക്കി ഭാഗം കൂടി പൈപ്പ് മാറ്റി സ്ഥാപിച്ചാൽ മാത്രമെ പൊട്ടലിന് ശ്വാശ്വത പരിഹാരമാകൂ.