ph

കായംകുളം: ദേശീയപാതയിൽ കായംകുളം രാമപുരം ഹൈസ്കൂളിന്സമീപം റോഡരികിൽ നിറുത്തിയ ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവ് നിയന്ത്രണംവിട്ട ലോറിയിടിച്ച് ദാരുണമായി മരിച്ചു. കായംകുളം കരീലക്കുളങ്ങര കരുവറ്റുംകുഴി ചിറയിൽ പുത്തൻ വീട്ടിൽ വിനോദ് കുമാറാണ് (38) മരിച്ചത്.

ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. ദേശീയപാതയുടെ കിഴക്കുഭാഗത്തായി റോഡിനോട് ചേർന്ന് ബൈക്കിൽ ഇരിക്കുകയായിരുന്ന വിനോദ് കുമാറിനെ ഹരിപ്പാട് ഭാഗത്തുനിന്നു വന്ന ലോറി ഇടിച്ചിടുകയായിരുന്നു. വിനോദ് കുമാറും ബൈക്കും ലോറിയുടെ അടിയിൽ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശി ജലീലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.