അമ്പലപ്പുഴ: സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവം സമാപിച്ചു.കേരള എൻ. ജി. ഒ യൂണിയൻ ജില്ലാ കമ്മിറ്റിയും, റെഡ്സ്റ്റാർ എൻ. ജി. ഒ കലാവേദിയും ചേർന്ന് സംസ്ഥാന ജീവനക്കാർക്കായി ഇന്നലെ രാവിലെ 10 മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല കലാമത്സരം - സർഗോത്സവ് -2022 സമാപിച്ചു. രാവിലെ നടന്ന സമ്മേളനം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു . യൂണിയൻ ജില്ലാ പ്രസിഡന്റ് പി.സി .ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ. എ. ബഷീർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. ഉഷാകുമാരി, എൽ .മായ,പി. സജിത്ത്, കലാവേദി കൺവീനർ ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു. നാലു വേദികളിലായി മുന്നൂറിൽപ്പരം കലാകാരന്മാരാണ് 9 ഏരിയ കമ്മിറ്റികളിൽ നിന്ന് 13 ഇനങ്ങളിലുള്ള മൽസരത്തിൽ പങ്കെടുത്തത്. മത്സര വിജയികൾക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിയൻ ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് കലോത്സവം സംഘടിപ്പിച്ചത്.