bjp

ഹൈദരാബാദ്: മഹാരാഷ്‌ട്രയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ അധികാരം പിടിക്കാൻ കൗണ്ട് ഡൗൺ ക്ലോക്കുമായി ബി.ജെ. പി കരുനീക്കം തുടങ്ങി. അടുത്ത വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്‌‌ട്രീയ സമിതി (ടി.ആർ.എസ്) സർക്കാരിനെ വീഴ്‌ത്തി അധികാരം പിടിക്കുമെന്നാണ് ബി. ജെ. പി അവകാശവാദം. തെരഞ്ഞെടുപ്പിന് ഇനി 521 ദിവസം. സർക്കാരിന്റെ ദിവസങ്ങൾ എണ്ണുന്ന ഡിജിറ്റൽ ക്ളോക്കുകൾ പാർട്ടി ഒാഫീസുകളിൽ സ്ഥാപിച്ചു കഴിഞ്ഞു.

പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിന് ഹൈദരാബാദ് വേദിയാക്കിയത്. ഇന്നലെ രാത്രി തുടങ്ങിയ യോഗം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയോടെ സമാപിക്കും. റാലിക്ക് വൻ ജനാവലിയെ അണിനിരത്താനാണ് പദ്ധതി. നിർവാഹക സമിതി യോഗത്തിന് മുന്നോടിയായി സംസ്ഥാനത്തെ 119 മണ്ഡലങ്ങളിലും കേന്ദ്രമന്ത്രിമാരുൾപ്പെടെ ഓരോ നിർവാഹക സമിതി അംഗം 48 മണിക്കൂർ ചെലവിട്ടിരുന്നു.

'ബൈ ബൈ കെ.സി.ആർ' എന്നെഴുതിയ ബാനറുകളും ഫ്ളെക്സുകളും നഗരത്തിലെങ്ങും കാണാം. ബൈ ബൈ കെ.സി.ആർ എന്ന വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്.

ടി.ആർ.എസ് സർക്കാർ അവസാന ഘട്ടത്തിലാണെന്ന് തെലങ്കാനയുടെചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. എട്ടുവർഷത്തിനിടെ മുഖ്യമന്ത്രി കെ.സി.ആർ മൂന്നു മണിക്കൂർ പോലും ഓഫീസിൽ ഇരുന്നിട്ടില്ല. കുടുബാധിപത്യമാണ് സർക്കാരിൽ. പൊള്ള വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകും. ബി.ജെ.പി അധികാരത്തിലെത്തും. ദേശീയ നിർവാഹക സമിതിയോഗം സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തും. 35,000 ബൂത്തുകൾ കേന്ദ്രീകരിച്ച് കെ.സി.ആർ സർക്കാരിനെതിരെ പ്രചാരണം നടത്തും. മോദിയുടെ റാലി വഴിത്തിരിവാകുമെന്നും തരുൺ പറഞ്ഞു.

വിട പറയുന്നത് മോദി

സർക്കാരെന്ന്

എട്ടു വർഷം കേന്ദ്രത്തിൽ അധികാരത്തിലിരുന്ന മോദി സർക്കാരാണ് വിട പറയാൻ പോകുന്നതെന്ന മറുപ്രചാരണവുമായി ടി.ആർ.എസും രംഗത്തുണ്ട്. ഹൈദരാബാദിലെ ഫ്ളക്സ്, ബാനർ യുദ്ധങ്ങളിൽ ഇതു പ്രകടമാണ്. 'ബൈ ബൈ മോദി' ബാനറുകളുമായി ടി.ആർ.എസും തിരിച്ചടിക്കുന്നു.പാർലമെന്റിൽ കേന്ദ്രസർക്കാരിനെ നിർണായക ഘട്ടങ്ങളിൽ പിന്തുണച്ചിരുന്ന ടി.ആർ.എസ് ഇപ്പോൾ പ്രതിപക്ഷത്തിനൊപ്പമാണ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്‌ക്കാണ് ടി.ആർ.എസിന്റെ പിന്തുണ. തെലങ്കാനയിലെത്തുന്ന പ്രധാനമന്ത്രി മോദിയെ പ്രോട്ടോക്കോൾ പ്രകാരം സ്വീകരിക്കേണ്ട മുഖ്യമന്ത്രി കെ.സി.ആർ മാറി നിൽക്കുന്നതും പതിവാണ്. ബി.ജെ.പി തെലങ്കാന പിടിച്ചെടുക്കാൻ ലക്ഷ്യമിടുമ്പോൾ മോദി - കെ.സി.ആർ രാഷ്‌ട്രീയ പോരാട്ടം കടുക്കും.