
ന്യൂഡൽഹി: അധിക വിഹിതമായി കേരളത്തിലെ 57ശതമാനം റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന ഗോതമ്പ് കഴിഞ്ഞ ജൂൺ മുതൽ അടുത്ത മാർച്ച് വരെ നിറുത്തലാക്കിയ സാഹചര്യത്തിൽ ആ വിലയ്‌ക്ക് റാഗിയും പയർ വർഗങ്ങളും പകരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി രോഹിത് കുമാർ സിംഗിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പരിഗണിക്കാമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതായി മന്ത്രി പറഞ്ഞു.
മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ മണ്ണെണ്ണയുടെ വില വർദ്ധന പുന:പരിശോധിക്കണമെന്നും വിഹിതം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വനിതകൾക്കും കുട്ടികൾക്കും പോഷകമൂല്യങ്ങൾ ചേർത്ത അരി നൽകാനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുമെന്ന് സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.