ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് 11-ാം റാങ്ക് (സ്കോർ 0.750). ഒന്നാം റാങ്ക് ഒഡീഷയ്ക്ക് (സ്കോർ 0.836). യു.പിയും (0.797) ആന്ധ്രയും (0.794) രണ്ടും മൂന്നും റാങ്കുകൾ നേടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ത്രിപുര ഒന്നും ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങൾ രണ്ടും മൂന്നും റാങ്കുകൾ നേടി. സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലാണ് പട്ടിക പുറത്തിറക്കിയത്.
നിർദ്ധന വിഭാഗത്തിനുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരതിൽ 'ആയുഷ്‌മാൻ കാർഡ്' അനുവദിക്കാൻ ഭാവിയിൽ ആധാറുമായി ലിങ്കുചെയ്‌ത റേഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ യു.പിയിൽ ഇത്തരത്തിലാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. ഇതുവഴി ഭക്ഷ്യസുരക്ഷയ്ക്കൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കാം.