ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, സീ ടി.വി ന്യൂസ് വാർത്താ അവതാരകൻ രോഹിത് രഞ്ജൻ എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്ഗഢ്

പൊലീസ് കേസെടുത്തു. രാജസ്ഥാൻ പൊലീസും റാത്തോഡിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

ഇതിനിടെ മാദ്ധ്യമപ്രവ‌‌ർത്തകനായ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനെത്തിയ ഛത്തീസ്ഗഢ് പൊലീസിനെ യു.പി പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. യു.പി പൊലീസിനെ അറിയിക്കാതെ ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് ഗാസിയാബാദിലെ രോഹിതിന്റെ വീട്ടിലെത്തിയ ഛത്തീസ്ഗഢ് പൊലീസുമായി രോഹിത് വാഗ്വാദത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ യു.പി പൊലീസിന് രോഹിത് മെസേജ് അയച്ചു. പിന്നാലെ ഗാസിയാബാദ് പൊലീസെത്തി, ഛത്തീസ്ഗഢ് പൊലീസിന്റെ എതിർപ്പ് അവഗണിച്ച് രോഹിത്തിനെ കസ്റ്രഡിയിലെടുത്തു. നിലവിൽ ഗാസിയാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ് രോഹിത്.

കോടതി വാറണ്ട് ഉണ്ടെങ്കിൽ ആരെയും അറിയിക്കേണ്ടതില്ലെന്നായിരുന്നു ഛത്തീസ്ഗഢ് പൊലീസിന്റെ വാദം. തന്റെ വയനാട് മണ്ഡലത്തിലെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരോട് ക്ഷമിച്ചുവെന്ന് രാഹുൽ പറയുന്നത് ഉദയ്‌പൂർ കേസിലെ പ്രതികളോടാണെന്ന് വ്യാഖ്യാനിച്ചാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. വിവാദമായതിനെ തുടർന്ന് ചാനൽ വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.