plane

ന്യൂഡൽഹി: സാങ്കേതിക പിഴവുകൾ തുടരുന്ന സാഹചര്യത്തിൽ സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) നോട്ടീസ് അയച്ചു. സുരക്ഷിതവും മെച്ചപ്പെട്ടതും വിശ്വസനീയവുമായ വിമാനയാത്ര ഉറപ്പു നൽകാൻ സ്‌പൈസ് ജെറ്റിന് കഴിയുന്നില്ലെന്നും നോട്ടീസിലുണ്ട്. ഇന്നലെ കൊൽക്കത്തയിൽ നിന്ന് ചൈെനയിലേക്ക് പോയ സ്‌പൈസ് ജെറ്റ് കാർഗോ വിമാനം കാലാവസ്ഥാ റഡാർ പ്രവർത്തന രഹിതമായതിനെ തുടർന്ന് തിരിച്ചിറക്കിയത് അടക്കം 18 ദിവസത്തിനകം എട്ട് സംഭവങ്ങൾ ഉണ്ടായ പശ്‌ചാത്തലത്തിലാണ് നടപടി.

സുരക്ഷാ പിഴവുകൾ സംഭവിക്കുന്നത് കൂടാതെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താതെ വിമാന സർവീസ് നടത്തുന്നതും സാമ്പത്തിക പ്രതിസന്ധി മൂലം സ്‌പെയർപാർട്ടുകൾ വാങ്ങാൻ കഴിയാത്തതും അടക്കമുള്ള വിഷയങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ട്. സർവീസ് നടത്തുന്ന വിമാനങ്ങൾ പറക്കാൻ യോഗ്യമാണെങ്കിലും അവയുടെ എല്ലാ സംവിധാനങ്ങളും പ്രവർത്തനക്ഷമമല്ലെന്നാണ് ഡി.ജി.സി.എ വിലയിരുത്തൽ.

യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നും ചെറിയ സുരക്ഷാപ്പിഴവു പോലും പരിഹരിക്കപ്പെടണമെന്നും സ്‌പൈസ് ജെറ്റ് വിഷയം സൂചിപ്പിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ ട്വീറ്റു ചെയ്‌തു.

വിമാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സർവീസ് നടത്തുന്നതെന്ന് സ്‌പൈസ്ജെറ്റ് പ്രതികരിച്ചു. ഒരുമാസം മുൻപ് ഡി.സി.ജി.എയുടെ സുരക്ഷാ ഒാഡിറ്റിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചതാണെന്നും വക്താവ് പറഞ്ഞു.