
ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ സീതാപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലായതിനാൽ മുഹമ്മദ് ജയിൽ മോചിതനാകില്ല. ഉത്തർപ്രദേശ് സർക്കാർ ശക്തമായി എതിർത്തെങ്കിലും ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി അഞ്ച് ദിവസത്തേക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു .ജാമ്യകാലയളവിൽ പുതിയ ട്വീറ്റുകൾ ഇടുകയോ തെളിവുകൾ നശിപ്പിക്കാനോ പാടില്ല. സീതാപൂരിൽ തന്നെ താമസിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
മഹന്ത് ബജ്റംഗ് മുനി, യതി നർസിംഹാനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെക്കുറിച്ച് വിദ്വേഷം വളർത്തുന്നവരെന്ന് ട്വീറ്റ് ചെയ്തതെന്ന് കാട്ടിയാണ് കേസ്. സീതാപൂർ കോടതി ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിരസിക്കുകയായിരുന്നു.
................................
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നിരന്തരം ട്വീറ്റ് ചെയ്യുന്ന ഒരു സിൻഡിക്കറ്റിന്റെ ഭാഗമാണോ മുഹമ്മദ് സുബൈർ എന്ന് ഉത്തർപ്രദേശ് പൊലീസ് അന്വേഷിക്കുകയാണെന്ന് യു.പി സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാനാണ് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്യുന്നതെന്നും തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സുബൈറിന്റെ ജാമ്യാപേക്ഷ കീഴ്ക്കോടതി നേരത്തെ തള്ളിയ കാര്യം സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
വിദ്വേഷ പ്രചാരണത്തിന് കേസ് നേരിടുന്നവർക്കെതിരെയാണ് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തതെന്ന് മുഹമ്മദ് സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. ഒരു ട്വീറ്റിന്റെ പേരിൽ ഇത്തരമൊരു കേസ് എടുക്കാൻ കഴിയില്ല. കേസ് നടപടികൾ റദ്ദാക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഗോൺസാൽവസ് പറഞ്ഞു. മുഹമ്മദ് സുബൈറിന്റെ ഉദ്ദേശം സൗഹാർദ്ദം പ്രോത്സാഹിപ്പിക്കാനായിരുന്നെങ്കിൽ കുറ്റകരമായ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് പകരം യു.പി പൊലീസിന് ഒരു കത്തയക്കണമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു പറഞ്ഞു.
കേസ് റദ്ദാക്കണമന്നാവശ്യപ്പെട്ട് മുഹമ്മദ് സുബൈർ കോടതിയിൽ ഹർജി നൽകി. ഹർജിയിൽ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. കേസ് അടുത്ത ആഴ്ച സുപ്രീം കോടതിയുടെ സ്ഥിരം ബെഞ്ച് പരിഗണിക്കും.