
ന്യൂഡൽഹി: ദേശീയ പതാക കോട്ടൺ കൊണ്ട് നിർമ്മിക്കണമെന്ന ചട്ടം ഭേദഗതി ചെയ്‌ത് പോളിയെസ്റ്റർ പതാക ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുന്നു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 30ന് ധ്വജ സത്യാഗ്രഹം നടത്തും.
ഖാദി വസ്‌ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ദേശീയ പതാകകൾ ചൈനയിൽ നിന്നും മറ്റും പോളിയെസ്റ്ററിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യാനുള്ള നീക്കം ബി.ജെ.പിയുടെ വ്യാജ ദേശസ്നേഹം വെളിവാക്കുന്നുവെന്ന് പാർട്ടി വക്താവ് അജോയ് കുമാർ പറഞ്ഞു. മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഖാദിക്കും പ്രാദേശിക ഉത്പന്നങ്ങൾക്ക് വേണ്ടിയും വാദിക്കുമ്പോഴാണ് അതിർത്തി കയ്യേറിയ ചൈനയിൽ നിന്ന് പതാക ഇറക്കുമതി ചെയ്യുന്നത്. കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന് മാത്രമാണ് ദേശീയ പതാകകൾ നിർമ്മിക്കാൻ അനുവാദമുണ്ടായിരുന്നത്. കേന്ദ്രസർക്കാർ തീരുമാനം ആയിരക്കണക്കിന് ഖാദി തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുമെന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.