amnesty-india

ന്യൂഡൽഹി: ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘിച്ചതിന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയ്ക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് 51.72 കോടി രൂപ പിഴ ചുമത്തി. സംഘടനയുടെ മുൻ സി.ഇ.ഒ ആകാർ പട്ടേലിന് 10 കോടി രൂപ ഇ.ഡി പിഴ ചുമത്തിയത് കൂടാതെ സംഘടനയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

യു.കെയിലെ ആംനസ്റ്റി ഇന്റർനാഷണലിൽ നിന്ന് സംഭാവന സ്വീകരിച്ചതിൽ ചട്ടങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. എഫ്.സി.ആർ.എ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ഒഴിവാക്കാനായി തങ്ങളുടെ ഇന്ത്യൻ സ്ഥാപനങ്ങളിലൂടെ ആംനസ്റ്റി ഇന്റർനാഷണൽ നേരിട്ടുള്ള നിക്ഷേപം വഴി വലിയ തോതിൽ വിദേശ സംഭാവനകൾ രാജ്യത്ത് എത്തിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഫെമ ആക്ട് പ്രകാരം അന്വേഷണം ആരംഭിച്ചത്.

2013 നവംബർ നവംബർ മുതൽ 2018 വരെയുള്ള കാലയളവിൽ സംഘടന നടത്തിയ ഇടപാടുകളെ കുറിച്ച് വിശദീകരണം നൽകാനാണ് ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഫെമ നിയമം ലംഘിച്ചതിനാണ് മുൻ സി.ഇ.ഒക്കെതിരായ നടപടി. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ആംനസ്റ്റിയുടെ പ്രഖ്യാപിതമായ പ്രവർത്തനങ്ങളല്ലാത്ത പല കാര്യങ്ങളും സംഘടന ചെയ്തുവെന്നും നിയമം ലംഘിച്ച് ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചതായും ഇ.ഡി വ്യക്തമാക്കി.

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിന് എഫ്.സി.ആർ.എയ്ക്ക് കീഴിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ രജിസ്ട്രേഷനോ അനുമതിയോ ഉണ്ടായിരുന്നില്ല. ഇ.ഡിയുടെ സ്‌പെഷ്യൽ ഡയറക്ടർ റാങ്ക് ഓഫീസറായ ഫെമയുടെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ അന്വേഷണം പൂർത്തിയാക്കിയാണ് ഉത്തരവ്. ഇന്ത്യയിലെ എൻ.ജി.ഒ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഈ സംഭാവന അയച്ചിരുന്നതെന്നാണ് ഇ.ഡി പറയുന്നത്.