vivo

ന്യൂഡൽഹി: അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയായ വിവോയുടെ ഹർജിയിൽ നിലപാട് അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി ഇ.ഡിക്ക് നിർദ്ദേശം നൽകി. ജൂലായ് 13ന് മുമ്പ് നിലപാട് അറിയിക്കാനാണ് ഇ.ഡിയോട് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ നിർദ്ദേശം.

വിവോയുടെ 9 അക്കൗണ്ടുകളാണ് ഇ.ഡി മരവിപ്പിച്ചത്. ഈ അക്കൗണ്ടുകളിൽ 250 കോടിയോളം രൂപയുണ്ടെന്ന് വിവോ ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയിൽ തങ്ങൾക്ക് 9000ത്തോളം ജീവനക്കാരുണ്ട്. അവർക്ക് ശമ്പളം കൊടുക്കാനോ ദൈനംദിന ചെലവുകൾ നടത്താനോ കഴിയുന്നില്ല. വിവോയുടെ ആവശ്യത്തെ ഇ.ഡി എതിർത്തു. നികുതി വെട്ടിക്കാൻ കമ്പനിയുടെ ആകെ വിറ്റുവരവിന്റെ പകുതി തുക കമ്പനി ചൈനയിലേക്ക് കടത്തിയതായും ഇതിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കൊച്ചിയിലെ ഹൈജീൻ ട്രേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള 23 കമ്പനികൾ വഴിയാണ് നികുതി അടയ്ക്കാതെ പണം വിദേശത്തേക്ക് കടത്തിയതെന്നാണ് ഇ.ഡിയുടെ കേസ്.