exam

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വരെ സർവ്വകലാശാലകൾ പ്രവേശന നടപടികൾ ആരംഭിക്കരുതെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് യു ജി.സിക്ക് സി.ബി.എസ്.ഇ കത്തയച്ചു. സി.ബി.എസ്.ഇ ഫലം വരുന്നത് വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടണമെന്ന് സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്നും പ്രവേശന നടപടികൾ പാടില്ലെന്ന് നിർദ്ദേശിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് യു.ജി.സിക്ക് കത്തയച്ചത്.

സി.ബി.എസ്.ഇ പരീക്ഷാ ഫലം കാത്ത് നിൽക്കാതെ മുംബയ് യൂണിവേഴ്സിറ്റി ഡിഗ്രി കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ കത്ത് നൽകിയത്. തമിഴ് നാട്ടിലെ ആർട്സ്, സയൻസ്, എൻജിനിയറിംഗ് കോളേജുകളിലും പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കർണ്ണാടകയിലെ ഡിഗ്രി കോളേജുകളിലെ പ്രവേശനം ജൂലായ് 11 ന്‌ ആരംഭിക്കും.

സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം ഈ മാസം 13 ന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും ഫലപ്രഖ്യാപനം വൈകുമെന്ന് സി.ബി.എസ്.ഇ കേന്ദ്രങ്ങൾ യു.ജി.സിയെ അറിയിക്കുകയായിരുന്നു. മൂല്യനിർണ്ണയ നടപടികൾ നടന്നു കൊണ്ടിരിക്കുന്നതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നത്. സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷ മേയ് 24നും 12-ാം ക്ലാസ് പരീക്ഷ ജൂൺ 15നുമാണ് പൂർത്തിയായത്. ഭൂരിഭാഗം സംസ്ഥാന ബോർഡുകളും 10,12 ക്ലാസ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. പരീക്ഷാഫല തീയതി പോലും പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉപരിപഠന സാദ്ധ്യതകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം തുടങ്ങിക്കഴിഞ്ഞു. അപേക്ഷ നൽകാനുള്ള അവസാന തീയതി ഈ ആഴ്ച്ച അവസാനിക്കുകയാണ്.

ഫലപ്രഖ്യാപനം ജൂലായ് അവസാനവാരം?

സി.ബി.എസ്.ഇ യുടെ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് നൽകുന്ന സൂചനയനുസരിച്ച് ഫലം ജൂലായ് അവസാന വാരം പ്രഖ്യാപിച്ചേക്കും. സി.ബി.എസ്.ഇയെയും സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളെയും താരതമ്യം ചെയ്യാൻ കഴിയില്ല. സി.ബി.എസ്.ഇ രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡുകളിലൊന്നാണ്. 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി 114 ലധികം വിഷയങ്ങൾക്കും 10-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി 74 ലധികം വിഷയങ്ങൾക്കുമാണ് പരീക്ഷ നടത്തുന്നത്. 34 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ രണ്ട് കോടിയോളം ഉത്തരക്കടലാസുകളാണ് വിലയിരുത്തുന്നതെന്നും ഭരദ്വാജ് പറഞ്ഞു.