shinde

ന്യൂഡൽഹി: ബി.ജെ.പി-ശിവസേന സഖ്യത്തിന് മാത്രമെ മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാൻ കഴിയുകയുള്ളൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഡൽഹി സന്ദർശനത്തിനെത്തിയ ഷിൻഡെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

മഹാവികാസ് അഘാഡി സഖ്യ സർക്കാരിന്റെ കാലത്ത് തങ്ങളുടെ എം.എൽ.എമാരുടെ നിലനില്പ് തന്നെ അപകടത്തിലായിരുന്നു. അന്ന് തങ്ങൾക്ക് സംസാരിക്കാൻ പോലും അവകാശമുണ്ടായിരുന്നില്ല. അത് കൊണ്ടാണ് മറ്റ് നടപടികളുമായി മുന്നോട്ട് പോയത്. പുതിയ സർക്കാർ കാലാവധി പൂർത്തിയാക്കി 2024 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു.

മഹാരാഷ്ട്രയിലെ തങ്ങളുടെ സഖ്യത്തെ പുനരുജ്ജീവിപ്പിച്ച മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തങ്ങളുടെയും നേതാവാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നേരത്തെ തനിക്ക് മുഖ്യമന്ത്രിയാകാൻ അവസരം തന്നത് കാവി ക്യാമ്പാണ്. ഇപ്പോൾ പാർട്ടി നിർദ്ദേശമനുസരിച്ച് ഉപമുഖ്യമന്ത്രിയായി പ്രവർത്തിക്കുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയ ഫഡ്നാവിസും ഷിൻഡെയും ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും മഹാരാഷ്ട്രയിലേക്ക് മടങ്ങും. ഷിൻഡെ സർക്കാരിലെ വകുപ്പുകൾ വിഭജിക്കുന്നത് സംബന്ധിച്ച് ധാരണയായതായി അറിയുന്നു.