
ന്യൂഡൽഹി: സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി സേനാ അധികൃതർക്കെതിരെ നാല് സൈനികർ സുപ്രീംകോടതിയെ സമീപിച്ചു. ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള നാല് സൈനികരാണ് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് മിലിട്ടറി ഇന്റലിജൻസിനെതിരെ സുപ്രീംകോടതിയിലെത്തിയത്.
ചാരവൃത്തി കേസ് അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്ത നടപടി തങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. രണ്ട് പേർ ഡൽഹിയിലെ മിലിട്ടറി ഇന്റലിജൻസ് ഡയറക്‌ടറേറ്റിലും മൂന്നാമൻ വെല്ലിംഗ്‌ണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലും നാലാമത്തെയാൾ മുംബയിലുമാണ് ജോലി ചെയ്തിരുന്നത്. ഈ നാല് പേർ അംഗങ്ങളായ പാട്യാല പെഗ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ് (പി.ഐ.ഒ) നുഴഞ്ഞ് കയറിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാല് പേരും എന്തെങ്കിലും രഹസ്യ വിവരങ്ങൾ പങ്കിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു അന്വേഷണമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. സൈന്യം നടത്തിയ അന്വേഷണത്തിൽ തങ്ങൾക്ക് ചാരവൃത്തിയുമായി ബന്ധമില്ലെന്ന് കണ്ടെത്തിയെങ്കിലും സൈന്യത്തിന്റെ സൈബർ സുരക്ഷാ നയം ലംഘിച്ചതിന് കഴിഞ്ഞ മെയ് എട്ടിന് മൂന്ന് പേരെ സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് ഹർജിയിൽ വിശദീകരിക്കുന്നത്. എന്നാൽ, സൈനികരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ച ബോർഡ് ഒഫ് ഓഫീസേഴ്സ് ഉദ്യോഗസ്ഥർ സൈനികരുടെ പെരുമാറ്റം സംബന്ധിച്ച തെളിവുകൾ കണ്ടെത്തിയതായി വ്യക്തമാക്കി. അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ് സൈനികർ. വ്യക്തിപരമായി അറിയാത്ത വിദേശ പൗരന്മാർ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായതും കുറ്റകരമാണ്. ഇക്കാര്യം സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.