court

ന്യൂഡൽഹി: മുസ്ലിം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയായി എന്നത് കൊണ്ട് പോക്സോ കേസ് ഒഴിവാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പതിനാറുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പോക്സോ കേസിൽ പ്രതിയായ മുസ്ലിം യുവാവിന്റെ വാദം കോടതി തള്ളി.

പ്രത്യുല്പാദന ശേഷി നേടിയാൽ മുസ്ലിം വ്യക്തി നിയമ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമെന്നും അതിനാൽ തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു യുവാവിന്റെ വാദം. ശരീഅത്ത് നിയമപ്രകാരം ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും 15 വയസിലാണെന്ന് യുവാവ് ചൂണ്ടിക്കാട്ടി.

എന്നാൽ, കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയുന്നതിനാണ് പോക്സോ നിയമമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതിന് മതാചാരങ്ങളുമായി ബന്ധമില്ല. പോക്സോ നിയമം പ്രായവുമായി ബന്ധപ്പെട്ടതാണ്. അതിന് മതവുമായി ബന്ധമില്ല. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.