lobo

ബി. ജെ. പി വിട്ട് കോൺഗ്രസിലെത്തി പ്രതിപക്ഷ നേതാവായ ലോബോയും കാലുമാറി

ന്യൂഡൽഹി: ശിവസേനയെ പിളർത്തി മഹാരാഷ്‌ട്രയിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പി ഗോവയിൽ നടത്തിയ അട്ടിമറിയിൽ 11 കോൺഗ്രസ് എം.എൽ.എമാരിൽ പ്രതിപക്ഷ നേതാവ് അടക്കം 10 പേരെ വലവീശിയെടുത്തു. 2019ൽ നാല് പേരൊഴികെയുള്ള കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നതിന്റെ ആവർത്തനമായി ഇത്. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക്.

ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തുകയും ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവാക്കുകയും ചെയ്‌ത മൈക്കേൽ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കാലുമാറ്റം.

കഴിഞ്ഞ ദിവസം വിളിച്ച കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ ഒരു വിഭാഗം വിട്ടു നിന്നതോടെയാണ് ബി.ജെ.പിയുടെ ചരടുവലി പുറത്തുവന്നത്. രമേശ് പർദേശായ്, കേദാർനാഥ് തുടങ്ങിയ നാല് എം.എൽ.എമാർക്കൊപ്പം ലോബോ ഇന്നലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്തിനെ കണ്ടതോടെ കോൺഗ്രസിലെ ഭിന്നിപ്പും വ്യക്തമായി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പി പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളാണെന്നും ഭിന്നതയില്ലെന്നും അതുവരെ പറഞ്ഞ ലോബോ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മറുകണ്ടം ചാടുകയായിരുന്നു. എം.എൽ.എമാർ പോകില്ലെന്ന് തെളിയിക്കാൻ വൈകിട്ട് കോൺഗ്രസ് വിളിച്ച പത്രസമ്മേളനം തുടങ്ങും മുൻപേ ലോബോയുടെ നീക്കം വെളിപ്പെട്ടു. ഇതോടെ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് നീക്കി.

ബി.ജെ.പി തങ്ങൾക്ക് 40 കോടിരൂപ വാഗ്‌ദാനം ചെയ്‌തതായി കോൺഗ്രസ് എം.എൽ.എ ഗിരീഷ് ഛോഡാങ്കർ വെളിപ്പെടുത്തി. ബി.ജെ.പി ഇതു നിഷേധിച്ചു.

മുൻ ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്ന ലോബോ, ഭാര്യ ഡെലിയാ ലോബോയ്‌ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച മുൻമുഖ്യമന്ത്രി ദിഗംബർ കാമത്ത് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാത്തതിൽ നിരാശനായിരുന്നു. ഇപ്പോൾ ലോബോയ്‌ക്കൊപ്പം അദ്ദേഹവും അട്ടിമറിക്ക് കൂട്ടു നിന്നു. 2019ലെ കാലുമാറ്റം ആവർത്തിക്കാതിരിക്കാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി വിടില്ലെന്ന് സ്ഥാനാർത്ഥികളെക്കൊണ്ട് കോൺഗ്രസ് നേതൃത്വം പ്രതിജ്ഞയെടുപ്പിച്ചിരുന്നു

ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെ വലവീശാൻ ശ്രമിക്കുന്നുണ്ടെന്ന് ഗുണ്ടു റാവു സമ്മതിച്ചിരുന്നു.

ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 20 സീറ്റുമായാണ് ബി.ജെ.പി സർക്കാരുണ്ടാക്കിയത്. ഇക്കൊല്ലം അവസാനം തങ്ങൾക്ക് 30 എം.എൽ.എമാരുണ്ടാകുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പറഞ്ഞിരുന്നു.

ഗോ​വ​ ​ക​ക്ഷി​ ​നില

​ ​എ​ൻ.​ഡി.എ
ബി.​ജെ.​പി​ ​-​ 20
എം.​ജി.​പി​-​ 2
സ്വ​ത​ന്ത്ര​ൻ​-​ 3

​ ​യു.​പി.എ
കോ​ൺ​ഗ്ര​സ്-​ 11
ജി.​എ​ഫ്.​പി​-​ 1

​ ​മ​റ്റു​ള്ള​വർ
എ.​എ.​പി​-​ 2
ആ​ർ.​ജി.​പി​-​ 1

''ലോബോയും കാമത്തുമാണ് ഗൂഢാലോചന നടത്തിയത്. വൻ തുക നൽകിയാണ് എം.എൽ.എമാരെ ബി.ജെ.പി റാഞ്ചിയത്. പകരം നേതാവിനെ ഉടൻ തിരഞ്ഞെടുക്കും. ആറ് എം.എൽ.എമാർ ഞങ്ങൾക്കൊപ്പമുണ്ട്. (കൂറുമാറ്റ നിരോധനം ബാധകമാകാതിരിക്കാൻ എട്ടുപേരെയാണ് കോൺഗ്രസ് ലക്ഷ്യമിട്ടത്)

--ഗുണ്ടു റാവു

ഗോവ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി