sukesh

ന്യൂഡൽഹി : സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നടപടി നേരിടുന്ന സുകേഷ് ചന്ദ്രശേഖറിന് കൈക്കൂലി വാങ്ങി സൗകര്യങ്ങൾ ചെയ്തു കൊടുത്തതിന് ഡൽഹി രോഹിണി ജയിലിലെ 81 ഉദ്യോഗസ്ഥർക്കെതിരെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തു. ഇവർക്കായി സുകേഷ് മാസം തോറും ഒന്നര കോടി രൂപയോളം കൈക്കൂലി ഇനത്തിൽ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ജയിലിൽ നിന്ന് സുകേഷ് പലയാളുകളെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സൗകര്യം നൽകിയ ഇവർ സുകേഷിന് മറ്റാരുടെയും ശല്യമില്ലാതെ താമസിക്കാൻ പ്രത്യേക ഇടവും ഒരുക്കി. സഹായം ചെയ്‌താലും ഇല്ലെങ്കിലും എല്ലാ ജയിൽ ജീവനക്കാർക്കും സുകേഷ് കൈക്കൂലി പണം നൽകിയെന്നും കണ്ടെത്തി. ഇതു സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസെടുത്തത്. ജയിലിലെ പത്തോളം സി.സി ടി.വി കാമറകളും മറ്റ് രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.