goa-congress

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയുടെയും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെയും നേതൃത്വത്തിലുള്ള വിമത നീക്കം തടഞ്ഞ് ഗോവയിൽ കോൺഗ്രസ് പിളർപ്പ് ഒഴിവാക്കി. പാർട്ടിയെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് ലോബോയെയും കാമത്തിനെയും അയോഗ്യരാക്കാൻ കോൺഗ്രസ് സ്‌പീക്കർ രമേശ് താവ്‌ഡാക്കർക്ക് കത്തു നൽകി. ലോബോയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തിരുന്നു.

കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ11 കോൺഗ്രസ് എം.എൽ.എമാരിൽ കുറഞ്ഞത് എട്ടുപേരെ പിളർത്താൻ ലോബോയും കാമത്തും ശ്രമിച്ചെന്നാണ് സൂചന. എന്നാൽ, അഞ്ച് എം.എൽ.എമാരെ കോൺഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത് കണക്കുകൂട്ടൽ തെറ്റിച്ചു. ബി.ജെ.പിയിലേക്ക് പോയെന്ന് കരുതിയ ലോബോ, കാമത്ത്, കേദാർ നായിക്, രാജേഷ് ഫൽദേശായ്‌, ഡെലിയാ ലോബ തുടങ്ങിയവർ ഇന്നലെ തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ ഹാജരായിരുന്നു.

ലോബോയും കാമത്തും മൂന്ന് എം.എൽ.എമാർക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് വിമത നീക്കമുണ്ടെന്ന അഭ്യൂഹം പരന്നത്. ഇതോടെ കോൺഗ്രസ് ലോബോയെയും കാമത്തിനെയും തള്ളിപ്പറഞ്ഞു. തങ്ങളെ തെറ്റിദ്ധരിച്ചെന്നാണ് ഇരുവരും നൽകുന്ന വിശദീകരണം. തന്റെ മണ്ഡലത്തിലെ പ്രളയക്കെടുതി ബോദ്ധ്യപ്പെടുത്താനാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ഗോവയിൽ പോയതുകൊണ്ടാണ് പി.സി.സി വിളിച്ച പത്രസമ്മേളനത്തിൽ ഹാജരാകാതിരുന്നത്. നേതൃത്വം അപമാനിച്ചതിൽ വേദനയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടുറാവുവിനെ കണ്ട ശേഷം കാമത്ത് പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അയച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഗോവയിലെത്തി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി.

ഗോവയിൽ ബി.ജെ.പിക്ക് 25 എം.എൽ.എമാരുടെ ഭൂരിപക്ഷമുള്ളതിനാൽ കൂടുതലായി ആരെയും ആവശ്യമില്ല. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് കുറ്റാരോപണം നടത്തുന്നത്.

-പ്രമോദ് സാവന്ത്, മുഖ്യമന്ത്രി

കർണാടകയിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാൻ സ്വീകരിച്ച അടവാണ് ബി.ജെ.പി ഗോവയിലും പയറ്റിയത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു കുറയുമെന്ന ഭീതിയിലാണ് ബി.ജെ.പി നേതൃത്വം കോൺഗ്രസ് എം.എൽ.എമാരെ ലക്ഷ്യമിടുന്നത്.

-മല്ലികാർജ്ജുന ഖാർഗെ,കോൺഗ്രസ് നേതാവ്