
ന്യൂഡൽഹി: നാട്യക്കാരൻ, മന്ദബുദ്ധി, അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കൊവിഡ് വ്യാപി, അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകൾ പാർലമെന്റിനകത്ത് മേലാൽ മിണ്ടിപ്പോകരുത്. മിണ്ടിയാൽ അൺപാർലിമെന്ററിയാവും. സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെടും. 18ന് തുടങ്ങുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ ഇതുൾപ്പെടെ 65ഓളം വാക്കുകൾക്ക് കൂടി വിലക്കേർപ്പെടുത്തി ലോക്സഭ സെക്രട്ടേറിയറ്റ് പുതിയ ബുക്ക് ലെറ്റ് പുറത്തിറക്കി.
അതേസമയം, ജനപ്രതിനിധികളുടെ നാവിന് കേന്ദ്ര സർക്കാർ വിലങ്ങിട്ടിരിക്കുകയാണെന്നും
സഭയിലെ ചർച്ചകളിൽ സ്ഥിരമായി നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു. ആരൊക്കെ വിലക്കിയാലും വിലക്കേർപ്പെടുത്തിയ വാക്കുകളെല്ലാം സന്ദർഭമനുസരിച്ച് പാർലമെന്റിൽ ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രയാൻ പറഞ്ഞു. അതിന്റെ പേരിൽ തന്നെ സസ്പെന്റ് ചെയ്യാൻ അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു. അൺപാർലമെന്ററിയായ വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ അവസാന വാക്ക് രാജ്യസഭാ ചെയർമാന്റേതും, ലോക്സഭാ സ്പീക്കറുടെതുമാണ്.
പരിഹാസവുമായി രാഹുൽ
അൺ പാർലിമെന്ററി എന്നാൽ പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്ന വാക്കുകളാണെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭരണരീതികളെ ശരിയായ രീതിയിൽ വിമർശിക്കുന്നതിന് സഭയിൽ ഉപയോഗിക്കുന്ന വാക്കുകളെന്നാണ് അൺപാർലമെന്ററി വാക്കുകളുടെ നിർവചനം. തന്റെ നുണകളും കഴിവുകേടും പുറത്തായപ്പോൾ ഏകാധിപതി മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.