
ന്യൂഡൽഹി:ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ രൂക്ഷ വിമർശനം. പത്രം വായിക്കുന്നവരോട് പോലും നിങ്ങൾക്ക് പ്രശ്നമാണോയെന്നും, ആ നിലയിലാണ് കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം പറഞ്ഞു.
ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ജെയ്ൻ എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് എൻ.ഐ.എ സമർപ്പിച്ച ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ വിമർശനം. 2018 ലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.ഐ.എ ജെയിനിനെ കസ്റ്റഡിയിലെടുത്തത്. മാവോയിസ്റ്റ് ഗ്രൂപ്പായ തൃതീയ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതുമായി ജെയിനിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യു.എ.പി.എ കേസ്. മാവോയിസ്റ്റ് സംഘടനാ നേതാവിനെ സന്ദർശിച്ചെന്നും പണമോ ലെവിയോ നൽകിയെന്നും ആരോപണമുണ്ടായിരുന്നു.തൃതീയ പ്രസ്തുതി കമ്മിറ്റിക്ക് വേണ്ടി ട്രാൻസ്പോർട്ടേഴ്സിൽ നിന്നും മറ്റും ജയിൻ പണം പിരിച്ചതായി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്. വി രാജു ചീഫ് ജസ്റ്റിസ് എൻ.വി രമണ ഉൾപ്പെട്ട ബെഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി.
ആധുനിക് പവർ ആൻഡ് നാച്വറൽ റിസോഴ്സസ് എന്ന കമ്പനിയുടെ ജനറൽ മാനേജരാണ് സഞ്ജയ് ജെയിൻ. 2021ൽ ജെയിനിന് ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മാവോയിസ്റ്റ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയത് കൊണ്ടോ അവർക്ക് ലെവി അടയ്ക്കുന്നത് കൊണ്ടോ ഒരാൾക്കെതിരെ യു.എ.പി.എ കേസ് എടുക്കാനാവില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി ജെയിനിന് ജാമ്യം അനുവദിച്ച് നിരീക്ഷിച്ചിരുന്നു.