exam

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ നീട്ടി വയ്ക്കണമെന്ന ഹർജി ഡെൽഹി ഹൈക്കോടതി തള്ളി. പരീക്ഷ 17ന് തന്നെ നടത്തും. ഹർജിയിലെ ആവശ്യം വളരെ വൈകിയതും തെറ്റിദ്ധാരണാജനകവുമാണെന്ന് ജസ്റ്റിസ് സഞ്ജീവ് നരുല ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ഹർജിയായത് കൊണ്ടു മാത്രം കോടതി ചെലവുകൾക്കായി പണം ഈടാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

സമീപഭാവിയിൽ വിവിധ പരീക്ഷകൾ വരുന്നത് വിദ്യാർത്ഥികളെ വളരെയധികം ബാധിക്കുമെന്ന ഹർജിക്കാരുടെ വാദവും കോടതി ചോദ്യം ചെയ്തു. ഏപ്രിലിൽ ഷെഡ്യൂൾ ചെയ്ത പരീക്ഷയ്ക്കെതിരെ എന്തു കൊണ്ടാണ് പതിനൊന്നാം മണിക്കൂറിൽ കോടതിയെ സമീപിച്ചതെന്ന് ജഡ്ജി വാദത്തിനിടെ ചോദിച്ചു. പരീക്ഷ മാറ്റി വയ്ക്കണോ വേണ്ടയോ എന്ന് 15 വിദ്യാർത്ഥികൾക്ക് എങ്ങനെ തീരുമാനിക്കാനാകും. ഇത് വരെ 17 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ അവ്യക്തമായ വാദങ്ങൾ ഉന്നയിക്കരുതെന്ന് കോടതി പറഞ്ഞു. ആത്മഹത്യകളുടെ കാരണം എന്താണെന്ന് കോടതിക്കറിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.