rahul

ന്യൂഡൽഹി: മോദി കള്ളൻ എന്ന പ്രസ്താവനയ്ക്കെതിരെ അഭിഭാഷകൻ പ്രദീപ് മോദി നൽകിയ മാനനഷ്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഹർജി ഝാർഖണ്ഡ് ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാർ ദ്വിവേദിയുടെ ബെഞ്ച് തള്ളി. മോദിയെന്ന പേരുള്ള എല്ലാവരെയും അപമാനിക്കുന്ന പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തോടൊപ്പം സൽപ്പേര് നിലനിർത്താനുള്ള അവകാശവുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

എല്ലാ കള്ളന്മാർക്കും എന്ത് കൊണ്ടാണ് മോദിയെന്ന പേര് എന്നായിരുന്നു രാഹുലിന്റെ വിവാദമായ പ്രസ്താവന. നീരവ് മോദി,​ ലളിത് മോദി,​ നരേന്ദ്ര മോദി,​എന്നിങ്ങനെ എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുള്ളത് എന്ത് കൊണ്ടാണെന്ന് കർണ്ണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു.

രാഹുൽ നടത്തിയ പ്രസ്താവന മോദിയെന്ന് പേരുള്ള മുഴുവനാളുകളെയും അധിക്ഷേപിക്കുന്നതാണോയെന്ന് വിചാരണ വേളയിൽ മാത്രമേ പരിശോധിക്കാനാകൂ അതിനാൽ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.