sonia-gandhi

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌‌ടറേറ്റ് ചോദ്യം ചെയ്യുന്ന ജൂലായ് 21ന് സംസ്ഥാനതല പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.

ജൂലായ് 21ന് സംസ്ഥാന തലത്തിൽ കാൽ ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധത്തിനാണ് കോൺഗ്രസ് രൂപം നൽകുന്നത്. രാഹുലിനെ ചോദ്യം ചെയ്‌തതുപോലെ ഇഡി നടപടി നീണ്ടു പോയാൽ പ്രതിഷേധം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കും. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന എംപിമാർ ഡൽഹിയിലും പ്രതിഷേധിക്കും. ചോദ്യം ചെയ്യൽ രണ്ടു ദിവസത്തിലധികം നീണ്ടാൽ പ്രതിഷേധവും കൂടുതൽ കടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

രാഹുൽ ഗാന്ധിയെ ഇതേ കേസിൽ അഞ്ചു ദിവസം 50 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ആ ദിവസങ്ങളിൽ ഡൽഹിയിൽ എംപിമാരും എ.ഐ.സി.സി നേതാക്കളും കടുത്ത പ്രതിഷേധം സംഘടിപ്പിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു.

ഭാരത് ജോഡോ യാത്ര: പ്രതിപക്ഷത്തിനും ക്ഷണം

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടന-ജനാധിപത്യ സംരക്ഷണ മുദ്രാവാക്യം ഉയർത്തി ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന കന്യാകുമാരി മുതൽ കാശ്‌മീർ വരെയുള്ള ഭാരത് ജോഡോ പദയാത്രയിലേക്ക് പ്രതിപക്ഷ പാർട്ടികൾ, ആക്ടിവിസ്റ്റുകൾ, വ്യവസായികൾ, മറ്റു പ്രമുഖർ അടക്കമുള്ളവരെ ക്ഷണിച്ചതായി എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗ് അറിയിച്ചു. 3500 കിലോമീറ്റർ ദൂരത്തിൽ 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും കടന്നുപോകുന്ന പദയാത്രയിൽ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും. സോണിയയുടെ വസതിയിൽ ഇന്നലെ ചേർന്ന ആലോചനാ യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും പി.സി.സി അദ്ധ്യക്ഷൻമാരും പങ്കെടുത്തു.


ജൂലായ് 18ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി സ്ട്രാറ്റജി കമ്മിറ്റി യോഗം ചർച്ച ചെയ്‌തു. അഗ്നിപഥ്,വന നിയമ ദേഭഗതി, വിലക്കയറ്റം, താങ്ങുവില, അൺപാർലമെന്ററി വാക്കുകളുടെ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് തീരുമാനം. അഗ്നിപഥ് വിഷയത്തിൽ വിവാദ പ്രസ്‌താവന നടത്തിയ മനീഷ് തിവാരി എംപിയും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ കാരണങ്ങളാൽ അദ്ധ്യക്ഷ സോണിയയും വിദേശത്തുള്ള രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തില്ല. പ്രിയങ്കാ ഗാന്ധി യോഗത്തിൽ പങ്കെടുത്തു.