
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ പാക്കിസ്ഥാൻ ചാര സംഘടനായ ഐ.എസ്.ഐയ‌്‌ക്ക് കൈമാറിയെന്ന് വെളിപ്പെടുത്തൽ നടത്തിയ പാക് മാദ്ധ്യമ പ്രവർത്തകൻ നുസ്രത്ത് മിർസയുമായി പരിചയമില്ലെന്ന് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി ആവർത്തിച്ചു. 2009ൽ നുസ്രത്തിനൊപ്പം ഹമീദ് അൻസാരി പങ്കെടുത്ത ഒരു ചടങ്ങിന്റെ ഫോട്ടോ ബി.ജെ.പി പുറത്തുവിട്ടതിന് പിന്നാലെയാണ് വിശദീകരണം.
യു.പി.എ ഭരണകാലത്ത് അഞ്ചു തവണ ഇന്ത്യയിൽ വന്നുവെന്നും നിർണ്ണായക വിവരങ്ങൾ ഐ.എസ്.ഐയ്‌ക്ക് കൈമാറിയെന്നും നുസ്രത്ത് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഹമീദ് അൻസാരിയുടെ ക്ഷണമനുസരിച്ചാണ് പോയതെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും നുസ്രത്ത് പറഞ്ഞു.