pic

ന്യൂഡൽഹി: ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുക്കുമെന്നും പരിസ്ഥിതി മന്ത്രാലയം വഴി അക്കാര്യം അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനികുമാർ ചൗബേ അറിയിച്ചു. കേന്ദ്ര സർക്കാർ സമർപ്പിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും എം.പിമാരായ ഡീൻ കുര്യാക്കോസ്, കെ. മുരളീധരൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, അടൂർ പ്രകാശ്, എ.എം. ആരിഫ് എന്നിവരുടെ ചോദ്യത്തിന് ലോക്‌സഭയിൽ മന്ത്രി മറുപടി നൽകി.

അതേസമയം, ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി മറികടക്കാൻ ലക്ഷ്യമിട്ട് നിയമ നിർമ്മാണം നടത്തുമോ എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ മറുപടി നൽകിയില്ല. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും ഒഴിവാക്കി പരിസ്ഥിതി ലോലമേഖല പ്രഖ്യാപിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ അദ്ദേഹം ആവശ്യപ്പെട്ടു.