
ന്യൂഡൽഹി: എൻ.ഡി.എയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി ജഗ്‌ദീപ് ധൻകർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നേതാക്കൾക്കൊപ്പമെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വരണാധികാരിയായ ലോക്‌സഭാ സെക്രട്ടറി ജനറർ ഉത്‌പൽകുമാർ സിംഗിന് പത്രിക സമർപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, എൻ.ഡി.എ സഖ്യകക്ഷി നേതാക്കൾ എന്നിവരും ധൻകറിനൊപ്പമുണ്ടായിരുന്നു.
പത്രിക നൽകിയതിന് പിന്നാലെ ലോക്‌സഭ, രാജ്യസഭാംഗങ്ങളോട് ധൻകർ വോട്ടഭ്യർത്ഥിച്ചു. ഇരുസഭയിലെയും അംഗങ്ങൾ അടങ്ങിയ ഇലക്‌ടറൽ കോളേജിൽ പ്രതിപക്ഷത്തു നിന്ന് ബി.ജെ.ഡിയും അണ്ണാ ഡി.എം.കെയും പിന്തുണ പ്രഖ്യാപിച്ചതോടെ ധൻകറിനാണ് മുൻതൂക്കം. ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ധൻകർ കഴിഞ്ഞ ദിവസം പശ്‌ചിബംഗാൾ ഗവർണർ സ്ഥാനം രാജിവച്ചിരുന്നു.
അതേസമയം, പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ഇന്ന് പത്രിക നൽകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്നലെ എൻ.സി.പി നേതാവ് ശരത് പവാറിന്റെ വസതിയിൽ യോഗം ചേർന്നു.
സാധാരണക്കാരനായ ഞാൻ ഇത്തരമൊരു അവസരം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല. പ്രധാനമന്ത്രിക്ക് നന്ദി
- ജഗ്‌ദീപ് ധൻകർ
എല്ലാവർക്കും പ്രചോദനം നൽകുന്ന മികച്ച ഉപരാഷ്‌ട്രപതിയാകാൻ ധൻകറിന് കഴിയട്ടെ
- പ്രധാനമന്ത്രി നരേന്ദ്ര മോദി