murmu

■വോട്ടെണ്ണൽ വ്യാഴാഴ്ച

ന്യൂഡൽഹി: രാജ്യത്തെ 16-ാമത് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ഡൽഹിയിൽ പാർലമെന്റിലും രാജ്യത്തെ വിവിധ നിയമസഭകളിലും പൂർത്തിയായി. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നീണ്ട തിരഞ്ഞെടുപ്പിൽ ഇലക്‌ട്രൽ കോളേജിലെ 4800 എം.പിമാരും എം.എൽ.എമാരുമാണ് രഹസ്യ ബാലറ്റിലൂടെ വോട്ടു ചെയ്‌തത്. എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെക്കാൾ ഏറെ വോട്ട് മൂല്യം ലഭിച്ചു.മുർമു വിജയമുറപ്പിച്ചതായാണ് സൂചന..

പാർലമെന്റിലെ ഒന്നാം നിലയിലെ 63-ാം നമ്പർ മുറിയിലെ പോളിംഗ് ബൂത്തിൽ രാവിലെ 10ന് വോട്ടിംഗ് തുടങ്ങിയപ്പോൾ തന്നെ, പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു ചെയ്യാനെത്തി. പിന്നാലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രി അമിത് ഷാ തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തി.കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധി എം.പിയും ഉച്ചയ്‌ക്കു ശേഷമാണ് വോട്ടു ചെയ്‌തത്. കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എംപിമാർ ഒന്നിച്ചെത്തി വോട്ടു ചെയ്‌തു.

727 എം.പിമാരും 9 എം.എൽ.എമാരും അടക്കം 736 പേരാണ് പാർലമെന്റിലെ ബൂത്തിൽ വോട്ടു ചെയ്യേണ്ടിയിരുന്നത്. ഇതിൽ 721 എം.പിമാരും 9 എം.എൽ.എമാരും വോട്ടു ചെയ്‌ത പാർലമെന്റിലെ പോളിംഗ് 99.18ശതമാനമാണെന്ന് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോഡി അറിയിച്ചു. (വോട്ടു ചെയ്യാത്തത്: ശിവസേന 3, ബി.ജെ.പി 2, കോൺഗ്രസ് 1, എസ്.പി 1, ബി.എസ്.പി 1,

ആശുപത്രിയിൽ

നിന്ന് വഹാബ്

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്

ലീഗിന്റെ രാജ്യസഭാ എംപി അബ്‌ദുൾ പി.വി. അബ്‌ദുൾ വഹാബ് ഡൽഹിയിൽ വോട്ടു ചെയ്യാനെത്തിയത്. യാത്ര ചെയ്യരുതെന്നും വിശ്രമം വേണമെന്നും ഡോക്‌ടമാർ നിർദ്ദേശിച്ചിട്ടും ,വീൽ ചെയറിലിരുന്നാണ് പാർലമെന്റിലെത്തിയത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിംഗും സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗും വീൽ ചെയറിലാണ് എത്തിയത്.കൊവിഡ് ബാധിതരായ കേന്ദ്രമന്ത്രിമാർ നിർമ്മലാ സീതാരാമനും ആർ.കെ. സിംഗും വോട്ടു ചെയ്‌തത് പി.പി.ഇ കിറ്റ് ധരിച്ച്.ഒഡീഷയിൽ ആശുപത്രിയിൽ ചികിത്‌സയിലായിരുന്ന ബി.ജെ.പി എം.എൽ.എയും പ്രതിപക്ഷ നേതാവുമായ പ്രതീപ്‌ത കുമാർ നായിക് സഭയിലെത്തിയത് വീൽ ചെയറിൽ ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ച്.

ക്രോസ് വോട്ട്

തകൃതി

സമാജ്‌വാദി പാർട്ടി നിലപാടിന് വിരുദ്ധമായി പാർട്ടി എം.എൽ.എ ശിവ്‌പാൽ യാദവും മുർമുവിന് വോട്ടു ചെയ്തു. സമാജ്‌‌വാദി പാർട്ടി നേതാവ് മുലായത്തെ ഐ.എസ്.ഐ ഏജന്റെന്ന് വിളിച്ച യശ്വന്ത് സിൻഹയ്‌ക്ക് വോട്ടുചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുലായത്തിന്റെ ഇളയ സഹോദരനും പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചിറ്റപ്പനുമാണ് ഇദ്ദേഹം.

ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ മുഹമ്മദ് മൊക്വിം പാർട്ടി നിലപാടിന് വിരുദ്ധമായി ദ്രൗപതി മുർമുവിന് വോട്ടു ചെയ്‌തു.ഗുജറാത്തിലെ എൻ.സി.പി എം.എൽ.എ എസ്. ജഡേജയും അസാമിലെ ചില കോൺഗ്രസ് എം.എൽ.എമാരും മുർമുവിനാണ് വോട്ടു ചെയ്‌തത്. ക്രോസ് വോട്ടിംഗ് തടയാൻ ഹോട്ടലിലേക്ക് മാറ്റിയ പശ്‌ചിമ ബംഗാളിലെ 69 ബി.ജെ.പി എം.എൽ.എമാരെ ഇന്നലെ പ്രത്യേക ബസിലാണ് കൽക്കത്തിൽ വോട്ടു ചെയ്യാനെത്തിച്ചത്.

ആകെ പോളിംഗ് 99 ശതമാനം

 പോളിംഗ് നടന്നത് പാർലമെന്റ് മന്ദിരത്തിലും രാജ്യത്തെ 30 നിയമസഭാ മന്ദിരങ്ങളിലും

 100 ശതമാനം പോളിംഗ്: കേരളം, കർണാടക, ഗോവ, തമിഴ്നാട്, പുതുച്ചേരി, ഗുജറാത്ത്, ഛത്തീസ്ഗഡ്,ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, മിസോറാം, സിക്കിം, മണിപ്പൂർ