
ന്യൂഡൽഹി: എറണാകുളത്ത് മരടിൽ തീരദേശ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മരട് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്കുമാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫ്ലാറ്റ് നിർമ്മാതാക്കളല്ല ഉത്തരവാദികളെന്നും റിപ്പോർട്ടിൽ പറയുന്നു. അനധികൃത നിർമ്മാണത്തിന് ഉത്തരവാദികളായവർക്കെതിരെ എടുക്കേണ്ട നടപടികളെന്തെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.
തുറന്ന കോടതിയിൽ റിപ്പോർട്ട് വായിച്ചതിനു ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു.
റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ എല്ലാ കക്ഷികൾക്കും നൽകാൻ അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിനോട് കോടതി നിർദ്ദേശിച്ചു. റിപ്പോർട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്റ്റംബർ ആറിനകം അറിയിക്കണം. ഹർജി സെപ്റ്റംബർ 6 ന് വീണ്ടും പരിഗണിക്കും. അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്.