pic

ന്യൂഡൽഹി: ഇന്നലെ നടന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂലായ് 21ന് രാവിലെ 11 മുതൽ പാർലമെന്റ് മന്ദിരത്തിലെ 63-ാം നമ്പർ മുറിയിൽ നടക്കും. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ ഫലപ്രഖ്യാപനം നടത്തും. 25ന് പുതിയ രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. രാജ്യത്തിന്റെ വിവിധ നിയമസഭകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ ഇന്നലെ രാത്രി മുതൽ ഡൽഹിയിൽ എത്തിത്തുടങ്ങി. റോഡ് വഴിയും വിമാനമാർഗവും അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് ബാലറ്റ് പെട്ടികൾ കൊണ്ടുവരുന്നതെന്ന് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദി പറഞ്ഞു.

രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്കാണ് വോട്ടെണ്ണൽ ചുമതല. വോട്ടെണ്ണൽ കേന്ദ്രത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് പുറമെ അവരുടെ ഒാരോ പ്രതിനിധിയെയും അനുവദിക്കും. ഇവർക്കു പുറമെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്കും മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം.

പാർലമെന്റിൽ വോട്ടു രേഖപ്പെടുത്തിയവരുടെ ബാലറ്റുകൾ അടങ്ങിയ പെട്ടി വോട്ടെടുപ്പ് നടന്ന പാർലമെന്റ് മന്ദിരത്തിലെ 63-ാം നമ്പർ മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഡൽഹി നിയമസഭയിൽ നിന്നുള്ള ബാലറ്റ് പെട്ടിയും ഇന്നലെ ഇവിടെ എത്തിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെട്ടികൾ വന്നുകൊണ്ടിരിക്കുന്നു.

ഒാരോ സംസ്ഥാനത്തെയും പെട്ടികൾ പ്രത്യേകമായാണ് എണ്ണുക. എം.എൽ.എമാരുടെ വോട്ട് മൂല്യം ഒാരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നതിലാണിത്. എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമ്മുവിന്റെയും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെയും പേരുകളെഴുതിയ പെട്ടിയിൽ അവരുടെ പേരുകളുള്ള ഒന്നാം വോട്ടുകളുടെ ബാലറ്റുകൾ വച്ച് ആകെ മൂല്യം കണക്കാക്കും. ഒന്നാം വോട്ടും രണ്ടാം വോട്ടും നോക്കിയാണ് ആകെ മൂല്യം കണക്കാക്കുക.