
ന്യൂഡൽഹി: കർണ്ണാടക സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയെയും അതിന്റെ എ.ഡി.ജി.പി സീമന്ത്കുമാർ സിംഗിനെയും വിമർശിച്ചുകൊണ്ടുള്ള കർണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എച്ച്.പി. സന്ദേശിന്റെ നിരീക്ഷണങ്ങളും ഉത്തരവുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ജാമ്യാപേക്ഷ തേടിക്കൊണ്ടുള്ള ഒരു കേസ് പരിഗണിക്കുമ്പോഴായിരുന്നു ജഡ്ജിയുടെ നിരീക്ഷണങ്ങൾ. ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാനും ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
ജഡ്ജി പ്രഥമദൃഷ്ട്യാ നടത്തിയ നിരീക്ഷണങ്ങൾ ജാമ്യാപേക്ഷയുമായി ബന്ധമില്ലാത്തതാണ്. അത് ജാമ്യാപേക്ഷയുടെ പരിധിയിലുള്ളതല്ല. ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തുന്നതായും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. എന്നാൽ, കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന് വിടണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. എ.സി.ബി കൈകാര്യം ചെയ്യുന്ന ചില കേസുകളിൽ നിരീക്ഷണം നടത്തിയതിനെതുടർന്ന് 'ശക്തനായ എ.ഡി.ജി.പി" സ്ഥലം മാറ്റ ഭീഷണി ഉയർത്തിയെന്ന് ജൂലായ് 4ന് ജസ്റ്റിസ് സന്ദേശ് വെളിപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിച്ചത്.