gst

ന്യൂഡൽഹി: പായ്ക്ക് ചെയ്ത് ലേബലോടെ വിൽക്കുന്ന എല്ലാ സാധനങ്ങൾക്കും ജി.എസ്.ടി ബാധകമാണെങ്കിലും ചില്ലറ വിൽപ്പന ശാലകളിൽ പാക്കറ്റ് പൊട്ടിച്ച് വിറ്റാൽ നികുതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോത്‌പന്നങ്ങൾക്ക് 5 ശതമാനം ജി.എസ്‍.ടി ഏർപ്പെടുത്തിയ ഉത്തരവിൽ ആശയക്കുഴപ്പമുണ്ടായതിനെ തുടർന്നാണ് വിശദീകരണം.

ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് മാത്രം നികുതി എന്ന സമ്പ്രദായം മാറ്റി 'നേരത്തെ പായ്ക്കു ചെയ്തതും ലേബൽ ചെയ്തതുമായ' സാധനങ്ങൾക്ക് ജി.എസ്‌.ടി എന്നതാണ് പുതിയ നിയമം. പയർവർഗ്ഗങ്ങൾ, അരി, ഗോതമ്പ്, മാവ്(ആട്ട), തൈര്, ലസ്സി, പഫ്ഡ് റൈസ് (പൊരി) മുതലായവ 'നേരത്തെ പായ്ക്ക് ചെയ്തു ലേബൽ ചെയ്താൽ' 5ശതമാനം നിരക്കിൽ ജി.എസ്‌.ടി ബാധകമാകും.

ഒരു വിതരണക്കാരൻ/നിർമ്മാതാവ് ചില്ലറ വ്യാപാരിക്ക് നേരത്തെ പാക്ക് ചെയ്ത് ലേബൽ പതിപ്പിച്ച പായ്ക്കറ്റ് വിൽക്കുമ്പോൾ ജി.എസ്‌.ടി ബാധകമാകുമെങ്കിലും ചില്ലറ വ്യാപാരി പാക്കറ്റ് ഒഴിവാക്കി ചില്ലറയായി സാധനം വിതരണം ചെയ്യുന്നതിന് നികുതി നൽകേണ്ട. 25 കിലോയ്‌ക്ക് മുകളിലുള്ള പാക്കറ്റുകളിൽ ലേബൽ ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. 25 കിലോയുടെ ആട്ടയ്ക്കു ജി.എസ്‌.ടി ബാധകമാണെങ്കിൽ 30 കിലോ പായ്ക്കിന് ജി.എസ്‌.ടി നൽകേണ്ട.