
ന്യൂഡൽഹി: പാർലമെന്റിലും പുറത്തും പ്രതിഷേധങ്ങളും പ്രകടനങ്ങളും വിലക്കിയത് പൂർണ്ണമായി തള്ളി പ്രതിപക്ഷം വിവിധ വിഷയങ്ങൾ ഉയർത്തി മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ നടപടികൾ തടസ്സപ്പെടുത്തി. ജി.എസ്.ടി നിരക്ക് വർദ്ധനയായിരുന്നു പ്രധാന വിഷയം.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലായിരുന്നു ഇരു സഭകളും മൺസൂൺ സമ്മേളനത്തിനായി ചേർന്നത്. അംഗങ്ങൾക്ക് വോട്ടു ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്ത് ഉച്ചയ്‌ക്ക് രണ്ടുമണി വരെ പിരിയുകയാണെന്ന് രാവിലെ തന്നെ ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള അറിയിച്ചു. അതേസമയം രാജ്യസഭയിൽ അദ്ധ്യക്ഷനെന്ന നിലയിലെ തന്റെ അവസാന സമ്മേളനത്തിൽ സഹകരിക്കണമെന്ന വെങ്കയ്യ നായിഡുവിന്റെ അഭ്യർത്ഥന തള്ളിയ പ്രതിപക്ഷം വിവിധ വിഷയങ്ങളുന്നയിച്ച് നടുത്തളത്തിലിറങ്ങിയതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ലോക്‌സഭ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ചേർന്നയുടൻ അംഗങ്ങൾ പ്രതിഷേധം തുടങ്ങി. വൈകാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്‌പീക്കർ അറിയിച്ചു.
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കിയ അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയ തീരുമാനം പിൻവലിക്കണമെന്നതായിരുന്നു ഇരു സഭകളിലും പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ജി.എസ്.ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ കെ.മുരളീധരൻ, വി.കെ. ശ്രീകണ്ഠൻ. രമ്യ ഹരിദാസ് (കോൺഗ്രസ്), എ.എം. ആരിഫ് (സി.പി.എം), രാജ്യസഭയിൽ എളമരം കരീം (സി.പി.എം) എന്നിവരടക്കം അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും അദ്ധ്യക്ഷൻമാർ തള്ളി.
ഇതുകൂടാതെ കേരള എം.പിമാർ വിവിധ വിഷയങ്ങളിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ബഹളമായിരുന്നു ഇന്നലെ. അൺപാർലമെന്ററി വാക്കുകളുടെ പുതിയ പട്ടിക (ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ), ഇ.ഡിയെ രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിക്കൽ (ബെന്നി ബെഹ്‌നാൻ), ന്യൂനപക്ഷ അതിക്രമം (എൻ.കെ.പ്രേമചന്ദ്രൻ-ആർ.എസ്.പി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്‌ദുസമദ് സമദാനി-മുസ്ളിം ലീഗ്), ശ്രീലങ്കൻ വിഷയം (കൊടിക്കുന്നിൽ സുരേഷ്)എന്നീ വിഷയങ്ങളിൽ ലോക്‌സഭയിലും ബഫർസോൺ വിഷയത്തിൽ ഡോ.വി. ശിവദാസൻ രാജ്യസഭയിലും നോട്ടീസ് നൽകിയിരുന്നു.
പാർലമെന്റ് വളപ്പിലെ പ്രതിഷേധം വിലക്കിയത് തള്ളി ആദ്യ ദിവസം തന്നെ ആംആദ്‌മി എംപിമാർ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ ധർണ നടത്തി. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ സിംഗപ്പൂർ യാത്രയ്‌ക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.
പിന്തുണ തേടി പ്രധാനമന്ത്രി
അടുത്ത 25 വർഷം രാഷ്ട്രത്തിന് ദിശാബോധം നൽകുന്നതിനുള്ള ചർച്ചകൾക്കായി എല്ലാ എംപിമാരും സഹകരിക്കണമെന്ന് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഴമേറിയതും വിശദവുമായ ചർച്ചയിലൂടെ സഭയെ ഉല്പാദനക്ഷമവും ഫലപ്രദവുമാക്കാൻ എല്ലാ എം.പിമാരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗങ്ങളായ പി. ചിദംബരം, രൺദീപ് സിംഗ് സുർജെവാല (കോൺഗ്രസ്), സഞ്ജയ് റാവത് (ശിവസേന), കപിൽ സിബൽ (സ്വതന്ത്രൻ), പ്രഫുൽ പട്ടേൽ (എൻ.സി.പി), മിർസ ഭാരതി (ആർ.ജെ.ഡി), ഹർഭജൻ സിംഗ്(ആംആദ്‌മി) തുടങ്ങിയവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭയിൽ ദിനേഷ് ലാൽ യാദവ്, ഘൻശ്യാം സിംഗ് ലോധി (ബി.ജെ.പി), ശത്രുഘ്‌നൻ സിൻഹ (തൃണമൂൽ),സിമ്രാൻജിത് സിംഗ് മാൻ (അകാലിദൾ-എ) എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു.