
ന്യൂഡൽഹി:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം അഭിപ്രായസ്വാതന്ത്ര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആക്ഷേപകരമായ ഫെയ്സ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ എടുത്ത കേസ് റദ്ദാക്കാനുള്ള ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം പോസ്റ്റുകൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് അശ്വനികുമാർ മിശ്ര, ജസ്റ്റിസ് രാജേന്ദ്രകുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുംതാസ് മൻസൂരി എന്നയാൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ വിസമ്മതിച്ച കോടതി രാജ്യത്തെ എല്ലാ പൗരന്മാർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും അത് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരായ അധിക്ഷേപകരമായ പരാമർശങ്ങൾക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, ഐ.ടി ആക്ടിലെ 64 എന്നീ വകുപ്പുകൾ അനുസരിച്ചാണ് മുംതാസ് മൻസൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.