
ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷയും സ്ഥിരതയും നിലനിറുത്താനുള്ള നടപടികൾ തുടരാൻ ഞായറാഴ്‌ച നടന്ന 16-ാം ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ചയിൽ ധാരണ. അതിർത്തിയിലെ ചുഷുൾ മോൾഡോയിൽ ഇന്ത്യൻ ഭാഗത്ത് രാവിലെ തുടങ്ങിയ കൂടിക്കാഴ്ച രാത്രി 10.30നാണ് സമാപിച്ചത്. മുൻ ചർച്ചകളിലുണ്ടായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും പടിഞ്ഞാറൻ മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിറുത്താനും ധാരണയായെന്ന് കരസേന ഇറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. അവശേഷിക്കുന്ന തർക്കങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സൈനിക, നയതന്ത്ര തലങ്ങളിൽ ആശയവിനിമയവും ചർച്ചയും തുടരും. ലേയിലെ 14-ാം കോർപ്സ് മേധാവി ലെഫ്. ജനറൽ അനിന്ത്യ സെൻഗുപ്‌തയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.