p

ന്യൂഡൽഹി: ഹാൾ ടിക്കറ്റിൽ കൃത്രിമം കാട്ടി പകരക്കാരനെ വച്ച് മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് ) എഴുതിക്കൊടുക്കുന്ന സംഘം ഒരു സീറ്റിന് 20 ലക്ഷം രൂപ വീതം വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തി.ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നവർ അടക്കം എട്ടുപേരെ അറസ്റ്റ് ചെയ്‌തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയ 11 അംഗ സംഘത്തിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുകയാണ്.

20 ലക്ഷം രൂപയിൽ അഞ്ചു ലക്ഷം രൂപ പരീക്ഷ എഴുതിക്കൊടുക്കുന്ന ആളിനുള്ളതാണ്. ബാക്കി തുക ഇടനിലക്കാർ അടക്കം വീതിച്ചെടുക്കുമെന്ന് സി.ബി.ഐ പറയുന്നു. മുഖ്യപ്രതിയായ ഡൽഹി സഫ്‌ദർജംഗ് സ്വദേശി സുശീൽ രഞ്ജൻ ആണ് പണം വാങ്ങിയത്.

പണം നൽകിയ വിദ്യാർത്ഥികളിൽ നിന്ന് സി.ബി.ഐ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ചില കോച്ചിംഗ് സെന്ററുകൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം.

സുശീൽ രഞ്ജന് പുറമെ പാപ്പു, സണ്ണി രഞ്ജൻ, രഘുനന്ദൻ, ബ്രിജ്‌മോഹൻ സിംഗ്, ഉമാ ശങ്കർ ഗുപ്‌ത, ഹേമേന്ദ്ര, നിധി, ജീപുലാൽ, ഭരത് സിംഗ്, കൃഷ്‌ണശങ്കർ തുടങ്ങിയവരാണ് തട്ടിപ്പ് സംഘത്തിലുള്ളത്.

തട്ടിപ്പ് തന്ത്രം ഇങ്ങനെ

വിദ്യാർത്ഥികളുടെ ലോഗിൻ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് തട്ടിപ്പിന് പറ്റിയ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കും

നീറ്റ് ഐ.ഡി കാർഡിൽ യഥാർത്ഥ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിക്കൊടുക്കുന്ന ആളിന്റെ ഫോട്ടോ മോർഫ് ചെയ്‌ത് പതിക്കും

അതുപയോഗിച്ച് പരീക്ഷാ ഹാളിൽ കയറും.