eknath-shinde

ന്യൂഡൽഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പിന്തുണയ്‌ക്കുന്ന രാഹുൽ ഷെവാലിയെ ലോക്‌സഭയിൽ സഭാ നേതാവായും ഭാവനാ ഗാവ്‌ലിയെ ചീഫ് വിപ്പായും സ്‌പീക്കർ ഒാം ബിർള അംഗീകരിച്ചു. ശിവസേനയുടെ 19 എം.പിമാരിൽ 12 പേർ ഷിൻഡെയ്‌ക്കൊപ്പമാണ്. വിമതപക്ഷത്തെ അംഗീകരിക്കരുതെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് സ്‌പീക്കറുടെ നടപടി. തങ്ങളെ ഔദ്യോഗിക പക്ഷമായി അംഗീകരിച്ച് ചിഹ്‌നം അനുവദിക്കണമെന്ന ഷിൻഡെയുടെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്.

താക്കറെ പക്ഷത്തോടൊപ്പമുള്ള വിനായക് റാവത്തിനെയും രാജൻ വിചാരയെയും നീക്കിയാണ് പകരം രാഹുൽ ഷെവാലിയെയും ഭാവനാ ഗാവ്‌ലിയെയും വിമതപക്ഷം കൊണ്ടുവന്നത്. ഭൂരിപക്ഷം എം.പിമാരും ഷിൻഡെ പക്ഷത്തായതിനാൽ സ്‌പീക്കർ ആവശ്യം അംഗീകരിക്കുകയായിരുന്നു.

തങ്ങൾ ബാലാസാഹബിന്റെ (ബാൽ താക്കറെ) പിന്തുടർച്ചക്കാരാണെന്നും പ്രത്യേക വിഭാഗമായി ഇരിക്കാൻ ഉദ്ദേശ്യമില്ലെന്നും ഡൽഹിയിലുള്ള ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. പുതിയ ചീഫ് വിപ്പിന്റെ നിർദ്ദേശം അനുസരിക്കാൻ എല്ലാപാർട്ടി എം.പിമാരും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിൽ നിന്ന് 18 എം.പിമാരും കേന്ദ്ര ഭരണപ്രദേശമായ ദാദ്രനാഗർ ഹവേലിയിൽ നിന്ന് ഒരു എം.പിയുമാണ് ശിവസേനയ്‌ക്കുള്ളത്.