
ഇന്ത്യൻ ഭരണഘടനയും നിയമവും സംരക്ഷിക്കുകയാണ് രാഷ്ട്രപതിയുടെ പ്രാഥമിക കർത്തവ്യം. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും മേധാവിയുമാണ് രാഷ്ട്രപതി.
അധികാരങ്ങൾ:
രാജ്യത്തിന്റെ പ്രഥമ പൗരൻ
സായുധ സേനയുടെ സുപ്രീം കമാൻഡർ
പാർലമെന്റിൽ സാമ്പത്തിക ബിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ ശുപാർശ അനിവാര്യം.
കേന്ദ്രസർക്കാരിന്റെ ഉപദേശപ്രകാരം യുദ്ധം പ്രഖ്യാപിക്കാം.
എല്ലാ പ്രധാന കരാറുകളും രാഷ്ട്രപതിയുടെ പേരിൽ.
വധശിക്ഷ, കുറ്റകൃത്യത്തിനുള്ള ശിക്ഷ, സൈനിക കോടതിയുടെ ശിക്ഷ
തുടങ്ങിയവ ഇളവു ചെയ്യാനുള്ള അധികാരം (കേന്ദ്രസർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ)
യുദ്ധം, സായുധ കലാപം, ബാഹ്യ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളിൽ ഇന്ത്യയിലാകെയോ ഒരു പ്രദേശത്ത് മാത്രമായോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം.(കേന്ദ്രസർക്കാരിന്റെ രേഖാമൂലമുള്ള അഭ്യർത്ഥന വേണം)
ഒരു സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണം നടത്താൻ കഴിയില്ലെന്ന ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്‌ട്രപതിഭരണം പ്രഖ്യാപിക്കാം.
നിയമനിർമ്മാണ അധികാരങ്ങൾ
ലോക്‌സഭയും രാജ്യസഭയും വിളിച്ചുചേർക്കാനും നിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കാനുമുള്ള അധികാരം.
ലോക്‌സഭ പിരിച്ചുവിടാനുള്ള അധികാരം
പൊതു തെരഞ്ഞെടുപ്പിന് ശേഷവും പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിലും രാഷ്ട്രപതിയുടെ പ്രസംഗം സർക്കാരിന്റെ നയങ്ങളുടെ രൂപരേഖയാണ്.
പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം വേണം.
ബിൽ പാർലമെന്റിന്റെ പുനഃപരിശോധന്‌ക്ക് തിരിച്ചയയ്ക്കാം ( പുനഃപരിശോധനയ്ക്ക് ശേഷം, ഭേദഗതികളോടെയോ അല്ലാതെയോ തിരികെ വരുന്ന ബില്ലിൽ ഒപ്പിടാൻ ബാദ്ധ്യസ്ഥൻ)
പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ അടിയന്തര പ്രാധാന്യമുള്ള നിയമങ്ങൾ ഓർഡിനൻസുകളായി ഇറക്കാനുള്ള അധികാരം
എക്സിക്യൂട്ടീവ് അധികാരങ്ങൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 53 അനുസരിച്ച് രാജ്യത്തിന്റെ എക്സിക്യൂട്ടീവ് അധികാരം രാഷ്ട്രപതിക്കാണ്.
പരമാധികാരിയാണെങ്കിലും കേന്ദ്രമന്ത്രിസഭയുടെ ഉപദേശ പ്രകാരമാവും രാഷ്ട്രപതിയുടെ പ്രവൃത്തികൾ. മന്ത്രിസഭയുടെ ഉപദേശത്തിന് വിരുദ്ധമായി ഒന്നും ചെയ്യാനാകില്ല.
ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാനുള്ള ബാദ്ധ്യതയും രാഷ്ട്രപതിക്ക്.
ജുഡിഷ്യൽ അധികാരങ്ങൾ
നിലവിലുള്ള ചീഫ് ജസ്റ്റിസിന്റെ ഉപദേശപ്രകാരം ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരെയും നിയമിക്കാനും പിരിച്ചു വിടാനുമുള്ള അധികാരം.
കേന്ദ്ര സർക്കാരിന്റെ മുഖ്യ നിയമ ഉപദേഷ്ടാവായ അറ്റോർണി ജനറലിനെ നിയമിക്കുന്നത് രാഷ്‌ട്രപതി.
നിയമന അധികാരങ്ങൾ
ലോക്‌സഭയിലെ ഭൂരിപക്ഷ പാർട്ടിയുടെ നേതാവിനെ പ്രധാനമന്ത്രിയായി നിയമിക്കാനുള്ള അധികാരം.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാരെ നിയമിക്കുകയും വകുപ്പുകൾ അനുവദിക്കുകയും ചെയ്യുന്നു.
ഭരണഘടന ലംഘിച്ച ഗവർണറെ പിരിച്ചുവിടാനുള്ള അധികാരം
സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവന മേഖലകളിൽ പ്രഗൽഭരായ 12 പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യൽ.