president

ദ്രൗപദി മുർമു ഇനി ഒരു പേരല്ല; ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ തീക്ഷ്ണ ശോഭ! ആദിവാസി ഗോത്രത്തിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ പൗരത്വത്തിലെത്തുന്ന ആദ്യ വനിത. പതിനഞ്ചാം രാഷ്ട്രപതി. സഹനമല്ല; സമരമായിരുന്നു കരുത്ത്. നഷ്ടങ്ങളിൽ തളരാതെ,​ നേട്ടങ്ങളിൽ ഭ്രമിക്കാതെ സാധാരണക്കാർക്കായി നടന്ന വഴികൾ റെയ്സീനാ കുന്നുകളിൽ ചെന്നെത്തുമ്പോൾ140 കോടി ജനതയുടെ അഭിമാനത്തിനു മീതെ പിറന്നത് ചരിത്ര നിമിഷം.

ന്യൂഡൽഹി:ചരിത്രം കുറിച്ചുകൊണ്ട് സന്താൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമു ( 64) ഇന്ത്യയുടെ 15-ാം രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ പിന്നാക്ക മേഖലയായ രയിരംഗ്‌പൂർ ഗ്രാമത്തിൽ നിന്നാണ് മുർമു രാഷ്‌ട്രപതി ഭവനിൽ എത്തുന്നത്. പരമോന്നത പദവിയിൽ എത്തുന്ന ആദ്യ ആദിവാസി വനിതയാണ്. ജൂലായ് 25നാണ് സത്യപ്രതിജ്ഞ.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് പൂർത്തിയാകും.

മൊത്തം 2,​824 വോട്ട് ( മൂല്യം 6,76,803 )​ നേടിയാണ് മുർമുവിന്റെ വിജയം. ഏറെ പിന്നിലായ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് 1877 ( മൂല്യം 3,80,177)​ വോട്ടാണ് കിട്ടിയത്​. ജയിക്കാൻ 5,​28,​491 മൂല്യ വോട്ടാണ് വേണ്ടിയിരുന്നത്.

പാർലമെന്റിൽ രാവിലെ 11 ന് തുടങ്ങിയ വോട്ടെണ്ണലിൽ ആദ്യ റൗണ്ടിൽ തന്നെ മുർമു ലീഡ് നേടി. മൂന്നാം റൗണ്ടിൽ കേരളം അടക്കം 20 സംസ്ഥാനങ്ങളിലെ ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയം ഉറപ്പിച്ചു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വസതിയിലെത്തി മുർമുവിനെ അഭിനന്ദിച്ചു.

ബി.ജെ.പി ഉച്ച മുതൽ രാജ്യത്താകെ ആഘോഷം തുടങ്ങിയിരുന്നു. ഡൽഹിയിലെ പാട്ടി ആസ്ഥാനത്തു നിന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെ അണിനിരന്ന 'അഭിനന്ദൻ യാത്ര' നടത്തി. മുർമുവിന്റെ സംസ്ഥാനമായ ഒഡീഷയും സ്വദേശമായ മയൂർഭഞ്ജും ആഹ്ളാദത്തിമിർപ്പിലാണ്. ആദിവാസി ഗോത്ര വിഭാഗക്കാർ പരമ്പരാഗത നൃത്തം ചവിട്ടി.

ആദിവാസി വനിതയെ സ്ഥാനാർത്ഥിയാക്കിയ ബി.ജെ.പി തന്ത്രം പ്രതിപക്ഷത്ത് വിള്ളൽ വീഴ്‌‌ത്തി. പലയിടത്തും കോൺഗ്രസ്, സമാജ്‌വാദി, എൻ.സി.പി എം.എൽ.എമാർ മുർമുവിന് വോട്ടു ചെയ്‌തു. പശ്ചിമ ബംഗാളിലെ 17 തൃണമൂൽ എം.എൽ.എമാർ അടക്കം നൂറോളം വോട്ട് അധികം ലഭിച്ചെന്നാണ് ബി.ജെ.പി അവകാശവാദം.

മൊത്തം പോൾ ചെയ്‌ത വോട്ട് 4754

സാധുവായത് 4701

അസാധു 53

ദ്രൗപതി മുർമു 2824

യശ്വന്ത് സിൻഹ 1877