
ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് ഇ.ഡി അന്വേഷിക്കേണ്ടെന്ന കോൺഗ്രസിന്റെ നിലപാട് മുഖ്യമന്ത്രിയെ സഹായിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നീക്കമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുതീർപ്പ് ഡീൽ അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. ഒരു രാത്രികൊണ്ടുള്ള മലക്കം മറച്ചിൽ സതീശന്റെ വിജിലൻസ് കേസുമായി ബന്ധപ്പെട്ടുണ്ടായ ധാരണയാണോ എന്ന് മാദ്ധ്യമങ്ങൾ അന്വേഷിക്കണം.
ബംഗളൂരുവിലേക്ക് കേസ് മാറ്റാനുള്ള ഇ.ഡിയുടെ നീക്കത്തിൽ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടി. എങ്ങനെയും ഇ.ഡി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിയും കെ.ടി.ജലീലുമെല്ലാം പ്രോട്ടോക്കോൾ ലംഘിച്ചു തന്നെയാണ് ഇത്രയും കാലം കോൺസുലേറ്റുമായി ഇടപെട്ടുകൊണ്ടിരുന്നത്. മാധ്യമം ദിനപത്രം നിരോധിക്കുന്നതിനായി കെ.ടി.ജലീൽ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചതടക്കം പുതിയ വെളിപ്പെടുത്തലുകൾ പരിശോധിച്ച് വരികയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള സാമാജികനെ അഭിനന്ദിക്കുന്നു.