
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകളിൽ ലൊക്കേഷൻ സൗണ്ട് റെക്കോഡിംഗിനുള്ള അവാർഡ് ഡബ്ബ് ചെയ്‌ത സിനിമയ്‌ക്ക് നൽകിയെന്ന വിവാദത്തിൽ കഴമ്പില്ലെന്ന് 'ദൊള്ളു" എന്ന കഡന്ന സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ചിത്രത്തിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാദത്തിന് ഇടയാക്കിയതെന്നും അവർ വിശദീകരിക്കുന്നു.
സിനിമയിൽ ആൾക്കൂട്ടം ഡ്രംസിൽ നടത്തുന്ന പ്രകടനം ലൊക്കേഷനിൽ തന്നെ റെക്കോഡു ചെയ്‌തതാണ്. ഡ്രമ്മിന്റെ ചലനം, ആളുകളുടെ കാലിൽകെട്ടിയ ചിലങ്ക തുടങ്ങിയവയുടെ ശബ്‌ദങ്ങളും തൽസമയം റെക്കോഡു ചെയ്‌തതാണെന്നും ദൊള്ളു സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. സിങ്ക് സൗണ്ട് റെക്കോഡിംഗ് എന്ന് അപേക്ഷയിൽ പറഞ്ഞതു പ്രകാരമാണ് അവാർഡ് നൽകിയതെന്ന് ജൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.
ദൊള്ളു എന്ന കന്നഡ സിനിമയുടെ ശബ്‌ദലേഖനത്തിന് മലയാളിയായ ജോബിൻ ജയനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഒാസ്‌കാർ അവാർഡ് ജേതാവു കൂടിയായ ശബ്‌ദലേഖകൻ റസൂൽ പൂക്കുട്ടി ഡബ്ബു ചെയ്‌തതാണെന്ന് പറഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. ലൊക്കേഷനിൽ നിന്ന് ശബ്‌ദം റെക്കാഡു ചെയ്യുന്ന സിങ്ക് സൗണ്ടും ഡബ്ബ് ചെയ്‌ത സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ജൂറിക്ക് സാധിക്കാഞ്ഞത് നാണക്കേടാണെന്ന് ദൊള്ളുവിന്റെ സൗണ്ട് ഡിസൈൻ നിർവഹിച്ച മലയാളി നിതിൻ ലൂക്കോസും പറഞ്ഞിരുന്നു.