
ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ നിന്ന് തിരികെവന്ന 412 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രാക്‌ടിക്കൽ പഠനത്തിന് സീറ്റ് അനുവദിച്ച പശ്‌ചിമ ബംഗാൾ സർക്കാരിന്റെ നടപടിക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. പാർവതി പ്രവീൺ പവാർ ലോക്‌സഭയിൽ അറിയിച്ചു. ഈ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ) എഴുതാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദേശത്ത് രജിസ്റ്റർ ചെയ്‌ത വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഇന്ത്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും സർവകലാശാലകൾക്കും കഴിയില്ല. എം.ബി.ബി.എസ് പ്രവേശനത്തിനുള്ള സംസ്ഥാന ക്വാേട്ടയിൽ പോലും നീറ്റ് എഴുതിയവരെയാണ് പരിഗണിക്കേണ്ടത്. 412 മെഡിക്കൽ വിദ്യാർത്ഥികളെ പശ്‌ചിമബംഗാളിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചതായി മെഡിക്കൽ കൗൺസിലിന് വിവരമില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.