monkeypox

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി കേരളത്തിൽ മൂന്നുപേർക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതിനുപിന്നാലെ ഡൽഹിയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തു. വിദേശ യാത്രാ പശ്ചാത്തലമില്ലാത്ത പടിഞ്ഞാറൻ ഡൽഹി സ്വദേശിയായ 31കാരനാണ് രോഗം. ഇത് രോഗവ്യാപനം സംബന്ധിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചവർക്ക് വിദേശ യാത്രാ പശ്ചാത്തലമുണ്ട്.

മൂന്നു ദിവസം മുമ്പാണ് പടിഞ്ഞാറൻ ഡൽഹി സ്വദേശിക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. തുടർന്ന് ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തെ നാലാമത്തെ മങ്കിപോക്സ് കേസാണിത്.

രോഗം സ്ഥിരീകരിച്ച യുവാവ് ഹിമാചൽപ്രദേശിലെ മണാലിയിൽ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിരുന്നോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

 സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രം

രാജ്യ തലസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സയൻസിന്റെ (ഡി.ജി.എച്ച്.എസ്) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ മന്ത്രാലയം, എൻ.സി.ഡി.സി, ഐ.സി.എം.ആർ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

 പരിഭ്രാന്തി വേണ്ട: കേജ്‌രിവാൾ

മങ്കിപോക്സ് ബാധിതരെ ചികിത്സിക്കുന്നതിനായി ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. രോഗം സ്ഥിരീകരിച്ചയാൾ സുഖം പ്രാപിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട. രോഗ പ്രതിരോധത്തിനായി മികച്ച ടീം രംഗത്തുണ്ട്.