ramnath-kovind

ന്യൂഡൽഹി:നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നും 21-ാം നൂറ്റാണ്ട് നമ്മുടേതാക്കി മാറ്റാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങൾക്കും അവസരം നൽകുന്നതാണ് നമ്മുടെ രാജ്യം. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ പരുങ്ക് ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന ഞാനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ ഊർജ്ജസ്വലമായ ജനാധിപത്യ സംവിധാനമാണ് ഇതിനിടയാക്കിയത്. അഭിവാദ്യങ്ങൾ.

വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. രാഷ്ട്രപതിയായപ്പോൾ എന്റെ നാട് സന്ദർശിച്ചു. കാൺപൂരിലെ സ്കൂളിലെ പ്രായമായ എന്റെ അദ്ധ്യാപകരെ കണ്ട് പാദങ്ങളിൽ നമമസ്കരിച്ച് അനുഗ്രഹം വാങ്ങി. ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു അത്. നാം എപ്പോഴും നമ്മുടെ വേരുകളോട് ബന്ധം പുലർത്തണം. ഇന്ത്യൻ സംസ്കാരത്തിന്റെ പ്രത്യേകതയാണിത്. യുവതലമുറ ഈ പാരമ്പര്യം തുടരണം. സ്വന്തം ഗ്രാമവുമായും സ്കൂളുകളുമായും നമ്മുടെ അദ്ധ്യാപകരുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ പാരമ്പര്യം തുടരാൻ യുവതലമുറയ്ക്ക് കഴിയണം.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായി 19-ാം നൂറ്റാണ്ടിൽ രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടായി. നമുക്ക് പുത്തൻ പുലരിയുടെ പ്രതീക്ഷകൾ സമ്മാനിച്ച പല പേരുകളും വിസ്‌മൃതിയിലായി. അവരിൽ ചിലരുടെ പേരുകൾ അടുത്ത കാലത്ത് മാത്രമാണ് വിലമതിക്കപ്പെട്ടത്. തിലകനും ഗോഖലെയും നെഹ്‌റുവും അംബേദ്കറും പട്ടേലും ശ്യാമപ്രസാദ് മുഖർജിയും സരോജിനി നായിഡുവും തുടങ്ങി നിരവധിപ്പേർ പോരാടി. ചരിത്രത്തിൽ ഒരിടത്തും ഇത്രയധികം മഹത്തായ മനസ്സുകൾ ഒരു പൊതു ലക്ഷ്യത്തിനായി ഒത്തുചേർന്നിട്ടില്ല.

സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ കൈവിടരുത്. എല്ലാ ജനങ്ങൾക്കും ഒരുപോലെ അവസരങ്ങളും വികസനവും നൽകാനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നൽകുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങൾ ഓർക്കാൻ എല്ലാവരും സമയം കണ്ടെത്തണം. രാഷ്ട്രപതി എന്ന നിലയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനായി. രാജ്യത്തിന്റെ മുഴുവൻ സഹകരണവും പിന്തുണയും ലഭിച്ചു. രാജ്യത്ത് മുഴുവൻ സന്ദർശനം നടത്തിയപ്പോൾ ജനങ്ങളുടെ വിശ്വാസം ഉൾക്കൊള്ളാനായി. സൈനികരുടെ ദേശസ്നേഹം എന്നെ വികാരഭരിതനാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.