supreme-court

#ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി:കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജി ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.

കേരളത്തിലെ അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി സർക്കാർ 2017 ൽ ഉയർത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടർമാർക്കുൾപ്പെടെ നൽകണമെന്ന് ആവശ്യപെട്ടാണ് ഹർജി. കേരള അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആയി ഉയർത്താൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വിരമിക്കൽ പ്രായം ഉയർത്തുന്നത് നയപരമായ കാര്യമാണെന്നും ഇത് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് റദ്ദാക്കിയത്. രോഗികളെ ചികിത്സിക്കുന്ന അലോപ്പതി ഡോക്ടർമാരെയും ആയുഷ് വകുപ്പിലെ ഡോക്ടർമാരെയും വ്യത്യസ്തരായി കാണാനാകില്ലെന്ന് ഡോ. രാം നരേഷ് ശർമ്മ കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് പെൻഷൻ പ്രായം ഏകീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ പി.എസ് സുധീറാണ് ഹർജി ഫയൽ ചെയ്തത്. മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷ് ഹാജരാകും.