photo

കാർഗിൽ വിജയ് ദിവസ് ഇന്ന്

................................

അ‌ടിസ്ഥാന യുദ്ധതന്ത്രത്തിൽ അമ്പേ പരാജയപ്പെട്ടതിന്റെയും അന്താരാഷ്‌ട്രതലത്തിൽ തിരിച്ചടിയേറ്റതിന്റെയും ആഘാതത്തിൽനിന്ന് രണ്ടു ദശകങ്ങൾക്കിപ്പുറവും കരകയറാൻ കഴിയാതെ പാകിസ്ഥാൻ നട്ടംതിരിയുന്നതിനാൽ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള അവലോകനത്തിന് ഇന്നും പ്രസക്തിയുണ്ട്. ഒരുവശത്ത് പാകിസ്ഥാന്റെ തളർച്ചയും മറുവശത്ത് ഇന്ത്യൻസേനയുടെ വളർച്ചയുമാണ് കാർഗിൽയുദ്ധം സൃഷ്‌ടിച്ചത്. തങ്ങളുടെ ചിരകാലാഭിലാഷമായ കാശ്‌മീർ ഉയർത്തിക്കാട്ടി ജനങ്ങളുടെ സമ്മതമില്ലാതെ പാകിസ്ഥാൻ നടത്തിയ യുദ്ധമായിരുന്നു കാർഗിലിലേത്. അതേസമയം കാർഗിലിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇന്ത്യ തങ്ങളുടെ സേനയിൽ ഏറെ പരിഷ്കാരങ്ങൾ വരുത്തി.

കാർഗിൽ സംഭവത്തെ തുടർന്ന് ദേശീയമായും അന്തർദേശീയമായും തികച്ചും ഒറ്റപ്പെടുകയും നയതന്ത്രബന്ധങ്ങൾ പരാജയപ്പെടുകയും സിവിൽ മിലിട്ടറി കൂട്ടുകെട്ട് വഷളാകുകയും ചെയ്യുന്ന അവസ്ഥ പാകിസ്ഥാനിലുണ്ടായി. ഇതിൽനിന്ന് കരകയറാൻ പാകിസ്ഥാന് വളരെയധികം പാടുപെടേണ്ടി വന്നു. ഇപ്പോഴും അതിന്റെ കഷ്‌ടതകൾ അവർ അനുഭവിക്കുന്നു. അവരുടെ സൈന്യം ജനാധിപത്യ സർക്കാരിനെ മുൾമുനയിൽ നിറുത്തി വിലപേശുകയും ചെയ്‌തു.

ഇന്ത്യൻ സേനയ്‌ക്കേറ്റ അപ്രതീക്ഷിത ആഘാതമായിരുന്നു കാർഗിൽ യുദ്ധം. പാകിസ്ഥാന്റെ ചതിമൂലം പരമ്പരാഗതമായ അതിർത്തി സംരക്ഷണ രീതിയുടെ പിഴവുകൾ ഇന്ത്യയ്‌ക്ക് ബോദ്ധ്യപ്പെട്ടു. സ്വാഭാവികമായും നമുക്ക് വളരെയധികം ആൾനാശം സംഭവിച്ചു. മാതൃരാജ്യം ആർക്കുമുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്ന ബോദ്ധ്യത്തോടെ സൈന്യം നടത്തിയ അഭിമാനകരമായ മുന്നേറ്റമാണ് കാർഗിൽ വി​ജയം.

1984 ൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ സൈനികതാവളമായ സിയാച്ചിൻ മഞ്ഞുമല ഇന്ത്യ അധീനതയിലാക്കുകയും പിക്കറ്റിംഗ് പോസ്റ്റ് ഉണ്ടാക്കുകയും ചെയ്‌തതാണ് യഥാർത്ഥത്തിൽ കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്. ചൈന-പാകിസ്ഥാൻ അതിർത്തിയിൽ തന്ത്രപരമായി വളരെ പ്രധാനപ്പെട്ട മേഖലയാണ് സിയാച്ചിൻ മഞ്ഞുമല. അവിടം ഇന്ത്യയുടെ അധീനതയിലായത് ഉൾക്കൊള്ളാൻ ഒരിക്കലും പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

1984ൽ ഇന്ത്യ സിയാച്ചിൻ പിടിച്ചെടുത്തശേഷം രൂപീകരിച്ച സിയാച്ചിൻ ഡിവിഷന്റെ സംരക്ഷണത്തിലായിരുന്നു കാർഗിൽ സെക്‌ടർ. ലേ സെക്‌ടർ, സിയാച്ചിൻ, കാർഗിൽ തുടങ്ങി 10,000-18,000 അടി ഉയരമുള്ള അതിർത്തിയിലെ പോസ്റ്റുകളിൽനിന്ന് അതിശൈത്യകാലത്ത് സൈന്യങ്ങൾ പിൻവലിയുന്ന രീതിയുണ്ടായിരുന്നു. എന്നാൽ അന്ന് തണുപ്പ് കാലത്ത് സൈന്യം പിൻവലിഞ്ഞ സമയം നോക്കി ധാരണകൾ ലംഘിച്ച് പാകിസ്ഥാൻ സേന സോജിലാ പാസിനും ലേയ്‌ക്കും ഇടയിൽ വരുന്ന ദ്രാസ്, മുഷ്‌കോ, ബറ്റാലിക്, തുർത്തുക്, കാർഗിൽ സബ് സെക്‌ടറുകളിലെ മലനിരകളിൽ ഇന്ത്യൻ അതിർത്തി കടന്ന് 10കിലോമീറ്ററോളം ഉള്ളിൽ പ്രവേശിച്ചു. 130 ഒാളം ഇന്ത്യൻ ബങ്കറുകൾ അവർ താവളമാക്കി.

പ്രധാന ചരക്കുനീക്കം നടക്കുന്ന ശ്രീനഗർ-ലേ ഹൈവേ ബ്ളോക്കു ചെയ്‌ത് ലഡാക്കിനെ ഒറ്റപ്പെടുത്താമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. കാശ്‌മീർ വിഷയം അന്താരാഷ്‌‌ട്രതലത്തിൽ ഉയർത്താനും ലക്ഷ്യമിട്ടു. ജനറൽ പർവേശ് മുഷാറഫും അവരുടെ ചാരസംഘടനായ ഐ.എസ്.ഐയുടെ തലവൻമാരും പാകിസ്ഥാനിലെ അന്നത്തെ നവാസ് ഷെരീഫ് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു ആ നീക്കം നടത്തിയത്. എന്നാൽ ശരവേഗത്തിൽ തന്നെ തിരിച്ചടിച്ച ഇന്ത്യൻ സേനയ്ക്ക് തുടക്കത്തിലുണ്ടായ പിഴവുകൾ പരിഹരിക്കാനും ആയുധങ്ങൾ എത്തിച്ച് മുന്നേറാനും പാകിസ്ഥാന് തക്കതായ മറുപടി നൽകാനും കഴിഞ്ഞു. സർക്കാരും സൈന്യവും തമ്മിലുള്ള ഏകോപനത്തിന്റെ കൂടി ഫലമായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകി. അന്താരാഷ്‌ട്ര സമൂഹത്തെ വിശ്വാസത്തിലെടുക്കാനായി യാതൊരു കാരണവശാലും അതിർത്തി കടക്കരുതെന്ന ഒരു ഉപാധിയോടെയായിരുന്നു അത്.

ഉയർന്ന മലനിരകളിലെ പോസ്റ്റുകൾ കൈവശപ്പെടുത്തിയ പാകിസ്ഥാന് യഥാർത്ഥത്തിൽ കാർഗിൽ യുദ്ധത്തിൽ മേൽക്കൈ ലഭിക്കേണ്ടതായിരുന്നു. മൂന്നുമാസം ഇന്ത്യൻ സൈനിക പോസ്റ്റുകളിൽ നിലകൊണ്ട പാക് സൈന്യത്തെ അതിർത്തി കടക്കാതെ തുരത്തുക ക്ളേശകരവുമായിരുന്നു. വ്യോമസേനയുടെ സമയോചി​ത ഇടപെടലുകളും കൃത്യമായ ബോംബിംഗും പാകിസ്ഥാൻ സേനയെ പരിഭ്രാന്തിയിലാക്കി. ആ സമയം കൊണ്ട് ഇന്ത്യൻസേന പോസ്‌റ്റുകൾ തിരിച്ചുപിടിച്ചു.

ബംഗ്ളാദേശ് വിമോചനത്തിന് ശേഷം ഒരു യുദ്ധസാഹചര്യം നേരിടാതിരുന്നതിനാൽ വലിയ പ്രതിരോധസേനയുടെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയായിരുന്നു കാർഗിൽ സംഭവം. അത്തരം സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നും അപ്പോഴെല്ലാം രാജ്യത്തെ കാക്കാൻ പ്രതിരോധസേന അനിവാര്യമാണെന്നും എല്ലാവർക്കും ബോദ്ധ്യമായി. അതിലുപരി വ്യോമസേനയും ആർമിയും തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യവും വ്യക്തമായി. പരമ്പരാഗത രീതികൾക്ക് പകരം കരയിലൂടെ ആർമിയും ആകാശത്ത് വ്യോമേസനയും ഒന്നിച്ച് നടത്തുന്ന നീക്കങ്ങളാണ് കാർഗിൽ വിജയത്തിന് കാരണമായത്.

കാർഗിൽ യുദ്ധത്തിന് ശേഷം നിയോഗിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാർശകൾ സർക്കാർ നല്ലരീതിയിൽ നടപ്പാക്കിയിട്ടുണ്ട്. യുദ്ധോപകരണങ്ങൾ ആവശ്യത്തിന് സമാഹരിച്ചു. ലഡാക്കിലേക്കുള്ള ശ്രീനഗർ-ലേ ഹൈവേയ്‌ക്കു പുറമെ കുളു-മനാലി വഴി ലേയിലേക്ക് ഒരു അപ്രോച്ച് റോഡ് കൂടിവന്നു. എന്നാൽ ഇപ്പോഴും കാർഗിലിന് സമാനമായ ഭീഷണി വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ചൈനയിൽ നിന്ന് നാം നേരിടുന്നുണ്ട്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ചെറുഗ്രാമങ്ങൾ കെട്ടിപ്പൊക്കി സൈന്യത്തിന്റെ സ്ഥിരം താവളമാക്കുന്നു. സൈന്യത്തെ പിൻവലിക്കാമെന്ന് ചർച്ചകളിൽ വാക്കുനൽകിയ ശേഷം അതു ചെയ്യാതിരിക്കുന്ന ചൈനയുടെ ഭാഗത്തുനിന്ന് കാർഗിലിന് സമാനമായ ഒരു മുന്നേറ്റം അരുണാചൽ മേഖലയിലുണ്ടായാൽ അപകടമാണ്.

അരുണാചലിൽ സാഹചര്യങ്ങൾ ഏറെ ദുഷ്‌കരമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കാശ്‌മീർ എന്നപോലെ ചൈനയുമായി തർക്കമുള്ള സ്ഥലമാണ് അരുണാചൽ പ്രദേശ്. അതിനാൽ ഇന്ത്യൻ സേനയുടെ ശ്രദ്ധ ഏറെ അനിവാര്യമായ മേഖലയാണിത്.

കാർഗിൽ യുദ്ധത്തിന് ശേഷമാണ് പാകിസ്ഥാൻ ചൈനയുമായി കൂടുതൽ അടുത്തത്. അതുവരെ യു.എസുമായിട്ടായിരുന്നു അടുപ്പം. ശത്രുവിന്റെ ശത്രു മിത്രം എന്നുകണ്ട് ചൈനയുമായി ചേർന്ന് ഇന്ത്യയെ പാഠം പഠിപ്പിക്കുകയെന്നതാണ് പാകിസ്ഥാന്റെ ലക്ഷ്യം. എല്ലാ അന്താരാഷ്‌ട്ര വേദികളിലും കാശ്‌മീർ നിലപാടുകൾക്ക് ചൈനയുടെ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ ചൈനയുമായുള്ള ബന്ധത്തിന് അവർ വലിയ വില നൽകേണ്ടിവരും. ചൈന സൈനികമായും സാമ്പത്തികമായും ഇടപെട്ട ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥ ഒരു ഉദാഹരണമാണ്.

കാർഗിൽ യുദ്ധത്തിന് ശേഷമാണ് ഏഷ്യൻ വൻകരയിൽ യു.എസിന് ഇന്ത്യയോട് അടുപ്പം കൂടിയത്. പാകിസ്ഥാനേക്കാൾ ഇന്ത്യയുമായി അടുക്കുന്നതാണ് നല്ലതെന്ന് അവർക്ക് ബോദ്ധ്യമായി. പാകിസ്ഥാൻ ചൈനയുമായി അടുത്തോടെ ഇന്ത്യ യു.എസുമായുള്ള ബന്ധം ദൃഢപ്പെടുത്തി. ഏഷ്യൻ വൻകരയിൽ യു.എസിന് സ്വാധീനം വർദ്ധിപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ ഇന്ത്യ തുറന്നുനൽകി. നയതന്ത്ര തലത്തിലുണ്ടായ വലിയൊരു മാറ്റമാണത്.

കാർഗിൽ യുദ്ധത്തിന് ശേഷം പാകിസ്ഥാനിൽ സർക്കാർ അസ്ഥിരപ്പെടുകയും സൈന്യം അധികാരത്തിലേറുകയും ഇന്ത്യയിൽ സൈന്യവും സർക്കാരും തമ്മിലുള്ള ഏകോപനം വർദ്ധിക്കുകയും ചെയ്‌തു. സർക്കാർ പിന്തുണയോടെ എല്ലാവിധ തിരുത്തൽ നടപടിക്കും സൈന്യം വിധേയമായി. മലനിരകളിലുള്ള യുദ്ധതന്ത്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിനുള്ള കഴിവ് മാറ്റുരയ്ക്കാനുള്ള അവസരം കൂടിയായിരുന്നു കാർഗിൽ. ബോഫോഴ്സ് പീരങ്കി അടക്കം അന്ന് ലഭ്യമായ യുദ്ധോപകരണങ്ങളുടെ ഉപയോഗവും നിർണായകമായി. കാർഗിൽ പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ പ്രതിരോധ സേനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് തുടക്കമിട്ടു.

സൈനികശക്തി ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയെ ആശ്രയിച്ചാണ്. അതുകൊണ്ട് പാകിസ്ഥാൻ ഇന്ത്യയ്‌ക്ക് ഒരു വെല്ലുവിളി ആകേണ്ടതില്ല. പാകിസ്ഥാനെ ഏതുവിധേനയും പ്രതിരോധിക്കാമെന്ന തിരിച്ചറിവുണ്ടായത് കാർഗിലിന് ശേഷമാണ്. പിന്തുടർന്ന് ആക്രമിക്കുകയെന്ന രീതിയിലാണ് ഇന്ത്യ പിന്നീട് സർജിക്കൽ ആക്രമണവും മറ്റും നടത്തിയത്. ചതിയിലൂടെ ഒരു രാജ്യം മറ്റൊരു രാജ്യത്തിന് നേരെ നടത്തിയ സമാനതകളില്ലാതെ യുദ്ധമായിരുന്നു കാർഗിലിലേത്. ആ യുദ്ധത്തിന്റെ ജാള്യതയിൽ നിന്ന് പാകിസ്ഥാന് മോചനം നേടാൻ സമയമെടുക്കും. അന്തർദേശീയ തലത്തിലും മുഖം രക്ഷിക്കാൻ അവർക്ക് പാടുപെടേണ്ടി വന്നു. സൈന്യത്തോടുള്ള പാകിസ്ഥാൻ ജനതയുടെ മനോഭാവത്തിനും അതിനു ശേഷം മാറ്റമുണ്ടായി. അതിർത്തി സംരക്ഷിക്കുക മാത്രമാണ് ചെയ്‌തതെന്ന് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞതിനാൽ അന്താരാഷ‌്‌ട്ര സമൂഹത്തെ ഒപ്പം നിറുത്താൻ ഇന്ത്യയ്‌ക്കു കഴിഞ്ഞു.