
ന്യൂഡൽഹി: പാവപ്പെട്ടവനും അധഃസ്ഥിതനും വലിയ സ്വപ്നം കാണാൻ മാത്രമല്ല, യാഥാർത്ഥ്യമാക്കാനും കഴിയുമെന്ന് തെളിയിച്ച സദ്മുഹൂർത്തം, ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി - രാജ്യത്തിന്റെ 15-ാം രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ദ്രൗപദി മുർമു പറഞ്ഞു.
പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസുമുൾപ്പെട്ട പ്രൗഢഗംഭീര സദസിനും ലോകമെമ്പാടുമുള്ള കോടാനുകോടി ഇന്ത്യക്കാർക്കും അഭിമാനമായി സത്യപ്രതിജ്ഞയ്ക്ക് ശേഷം മുർമു നടത്തിയ ആദ്യ അഭിസംബോധനയിലെ വാക്കുകൾ. ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
അവകാശങ്ങൾ നിഷേധിക്കപ്പെട്ട പിന്നാക്ക-ഗിരിവർഗ ജനതയ്ക്ക് മാതൃകയാകാൻ കഴിഞ്ഞത് വലിയ സംതൃപ്തി നൽകുന്നു. ഒഡിഷയിലെ ചെറിയ ആദിവാസി ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഒരു സ്വപ്‌നമായിരുന്നു. എന്നാൽ, നിശ്ചയദാർഢ്യം എന്നെ ആ കുഗ്രാമത്തിലെ ആദ്യ കോളേജ് വിദ്യർത്ഥിനിയാക്കി.
സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിച്ച വേളയിൽ വാർഡ് കൗൺസിലറായി പൊതുപ്രവർത്തനം തുടങ്ങി. 25 വർഷങ്ങൾക്കുശേഷം, 75-ാം വാർഷികത്തിൽ എത്തിയത് രാഷ്ട്രപതിക്കസേരയിൽ. ഇതാണ് ജനാധിപത്യ ഇന്ത്യയുടെ മഹത്വം. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഇത് പ്രചോദനമാകട്ടെ.
പുതിയ പാതകളിലൂടെ മുന്നേറാനുള്ള യുവതലമുറയുടെ ആഗ്രഹം സഫലമാക്കാനും ഉപകരിക്കട്ടെ. അത്തരമൊരു പുരോഗമന ഇന്ത്യയെ നയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഭരണഘടനയ്‌ക്കനുസൃതമായി എന്റെ കടമകൾ അങ്ങേയറ്റം ആത്മാർത്ഥതയോടെ നിർവഹിക്കും-മുർമു ഉറപ്പു നൽകി.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെന്ന ചരിത്ര നിയോഗം ഏറ്റെടുക്കും മുമ്പ് ദ്രൗപദി മുർമു രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പമാണ് പാർലമെന്റിലേക്ക് തിരിച്ചത്.
കൈകോർത്ത്
മുന്നേറാം...
ഇന്ത്യ എല്ലാ മേഖലയിലും വികസനത്തിന്റെ അദ്ധ്യായം കൂട്ടിച്ചേർക്കുകയാണ്. കൊവിഡിനെ ഫലപ്രദമായി ചെറുത്തത് ലോകശ്രദ്ധ നേടി
എല്ലാ സഹോദരിമാരും കൂടുതൽ ശാക്തീകരിക്കപ്പെടണം. അതിലൂടെ രാഷ്ട്രനിർമ്മാണത്തിന്റെ സമസ്ത മേഖലകളിലും അവരെത്തും
രാജ്യത്തിന്റെ ഭാവിക്ക് അടിത്തറ പാകാനുള്ള യത്‌നത്തിൽ യുവാക്കൾക്ക്
പൂർണ സഹകരണം വാഗ്ദാനം ചെയ്യുന്നു
മഹത്വപൂർണവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്കൊത്തുചേർന്ന് സമർപ്പണ മനോഭാവത്തോടെ മുന്നേറാം