supreme-court

ന്യൂഡൽഹി: പോൾ മുത്തൂറ്റ് വധക്കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സഹോദരൻ ജോർജ്ജ് മുത്തൂറ്റ് നൽകിയ ഹർജിയിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും. രണ്ടാം പ്രതി കാരി സതീഷ് ഒഴികെ എട്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതിയാണ് റദ്ദാക്കിയത്.

കേസിന്റെ എല്ലാവശങ്ങളും പരിഗണിച്ചാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചതെന്നും, കാരി സതീഷാണ് കൊലപാതകം നടത്തിയതെന്ന സാങ്കേതികത്വം കണക്കിലെടുത്ത് മറ്റുള്ളവരെ വിട്ടയച്ചത് നീതി നിഷേധമാണെന്നും ജോർജ്ജ് മുത്തൂറ്റ് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചത്.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസൽ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ എന്നിവരുടെ മേൽ ചുമത്തിയ കൊലക്കുറ്റം നീക്കിയ ശേഷം ജീവപര്യന്തം ശിക്ഷ റദ്ദാക്കുകയായിരുന്നു. വിധിക്കെതിരെ സി.ബി.ഐ ഇതുവരെ അപ്പീൽ നൽകിയിട്ടില്ല. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായിത്.

2009 ആഗസ്റ്റ് 22ന് രാത്രിൽ നെടുമുടി പൊങ്ങയിൽ വച്ചാണ് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ പോൾ എം. ജോർജ്ജ് കൊല്ലപ്പെട്ടത്.