
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാം രാഷ്‌ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞാ
ചടങ്ങുകൾ ഇങ്ങനെ:
രാവിലെ 9:22: മുർമുവിന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിൽ സ്വീകരണം
9:42: രാഷ്ട്രപതി രാംനാഥ് കോവിന്ദും നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവും ഒന്നിച്ച് യാത്ര പുറപ്പെടുന്നു
9:49: രാഷ്ട്രപതിയുടെ അംഗരക്ഷകൻ രാംനാഥ് കോവിന്ദിന് വിടവാങ്ങൽ സല്യൂട്ട് നൽകുന്നു തുടർന്ന് കോവിന്ദും മുർമുവും രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനമായ ലിമോസിനിൽ കയറുന്നു
9:50: രാഷ്‌ട്രപതിയുടെ അംഗരക്ഷരായ കുതിരപ്പടയുടെ അകമ്പടിയോടെ
ഔദ്യോഗിക വാഹനത്തിൽ റെയ്‌സീന കുന്നിറങ്ങി പാർലമെന്റ് മന്ദിരത്തിലേക്ക്. വഴിയിൽ പുതിയ രാഷ്‌ട്രപതിക്കും സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതിക്കും മൂന്ന് സേനകളിലെയും ഉദ്യോഗസ്ഥർ തോക്കുയർത്തി ആദരവ് പ്രകടിപ്പിക്കുന്നു
10:03: രാഷ്ട്രപതിയുടെയും നിയുക്ത രാഷ്ട്രപതിയുടെയും വാഹനവ്യൂഹം പാർമെന്റിലെ അഞ്ചാം നമ്പർ ഗേറ്റിൽ. രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു, ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള, ചീഫ് ജസ്റ്റിസ് എൻ.വി.രമണ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
10:05: രാഷ്ട്രപതി മുന്നിലും, നിയുക്ത രാഷ്‌ട്രപതി തൊട്ടുപിന്നിലുമായി സെൻട്രൽ ഹാളിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക്
10:11: രാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കുന്നു
10:14: ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. മുർമു ഏറ്റുചൊല്ലുന്നു. തുടർന്ന് മുർമുവും കോവിന്ദും പരസ്‌പരം ഇരിപ്പിടം മാറുന്നു
10:18: പുതിയ രാഷ്‌ട്രപതിയായി മുർമു സത്യപ്രതിജ്ഞ രജിസ്റ്ററിൽ ഒപ്പിടുന്നു. രാഷ്ട്രപതി ചുമതലയേറ്റ വിവരം ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിക്കുന്നു.
10:23: രാഷ്‌ട്രപതിയായ ശേഷമുള്ള മുർമുവിന്റെ ആദ്യ പ്രസംഗം.
10:35: സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നു. വേദിയിൽ നിന്നിറങ്ങിയ മുർമുവും രാംനാഥ് കോവിന്ദും സദസിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവർ ആശംസ അറിയിക്കുന്നു.
തുടർന്ന് മുർമുവും കോവിന്ദും പാർലമെന്റിൽ നിന്ന് മടങ്ങുന്നു. ഔദ്യോഗിക വാഹനത്തിന്റെ ഇടതു വശത്തുകൂടി മുർമുവും വലതു വശത്തുകൂടി രാംനാഥ് കോവിന്ദും കയറുന്നു. പത്തുമിനിട്ടു കൊണ്ട് വാഹനവ്യൂഹം വിജയ്‌ചൗക്ക് വഴി രാഷ്‌ട്രപതി ഭവനിൽ തിരിച്ചെത്തുന്നു. അവിടെ ഗാർഡ് ഒഫ് ഒാണർ സ്വീകരിച്ച് സല്യൂട്ട് നൽകുന്നു. വീണ്ടും വാഹനത്തിൽ കയറുന്ന ഇരുവരും മന്ദിരത്തിനുള്ളിലേക്ക്. അകത്തളത്തിൽ ഇറങ്ങിയ ശേഷം മുർമു ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കാൻ രാഷ്‌ട്രപതിയുടെ ഒാഫീസിലേക്ക്.